ന്യൂഡൽഹി: ഡൽഹിയിൽ ജനുവരി 18 ന് സ്കൂളുകൾ തുറക്കും. പത്ത്, പ്ലസ് 2 ക്ലാസുകളായിരിക്കും ആദ്യം ആരംഭിക്കുക. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ പത്ത് മാസങ്ങൾക്ക് ശേഷമാണ് തുറക്കുന്നത്.
സ്കൂളുകൾ തുറക്കുമെങ്കിലും ഹാജർ നിർബന്ധമില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. രക്ഷകർത്താക്കൾ അനുവദിച്ചാൽ മാത്രം സ്കൂളിൽ എത്തിയാൽ മതി. കൊറോണ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും സ്കൂൾ തുറക്കുകയെന്നും അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും കൈകൾ ഇടയ്ക്കിടെ സോപ്പും സാനിട്ടൈസറും ഉപയോഗിച്ച് കഴുകുകയും ശുചിത്വം പാലിക്കുകയും ചെയ്യണം.
സിബിഎസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പത്ത്, പ്ലസ് 2 വിദ്യാർത്ഥികൾക്കായി സ്കൂൾ തുറക്കാൻ തീരുമാനിച്ചത്. ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായുള്ള പരീക്ഷകളും പ്രാക്ടിക്കൽ പരീക്ഷകളും നടത്താനായി സ്കൂൾ തുറക്കാൻ അനുമതി നൽകുന്നതായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
Comments