മലപ്പുറം : നിലമ്പൂര്‍ നഗരസഭാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആദ്യ അനുഗ്രഹം വാങ്ങാനായി എത്തിയത് നിലമ്പൂർ കോവിലകത്തെ സീനിയർ രാജ സത്യനാഥൻ തമ്പാന്റെ മുന്നിലെന്ന് നിലമ്പൂർ നഗരസഭയുടെ ചെയർമാനും , സിപിഎം നേതാവുമായ മാട്ടുമ്മൽ സലീം . സി.പി.എം നേതാക്കൾക്കൊപ്പം കോവിലകത്തിരിക്കുന്ന ചിത്രം സലീം തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് .
‘നിലമ്പൂര്‍ നഗരസഭാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആദ്യ അനുഗ്രഹം വാങ്ങാനായി നിലമ്പൂര്‍ കോവിലകം സീനിയര്‍ രാജ സത്യനാഥന്‍ തമ്പാന്റെ സമക്ഷത്തെത്തിയപ്പോള്‍. സി.പി.എം ഏരിയ സെക്രട്ടറി ഇ പത്മാക്ഷന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ കെ റഹീം, പി.എം ബഷീര്‍ എന്നിവര്‍ സമീപം.’ എന്ന കുറിപ്പോടെയാണ് മാട്ടുമ്മല്‍ സലീം ഫോട്ടോ സഹിതം പോസ്റ്റു ചെയ്തത്.
എന്നാൽ ചെയർമാന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ വിമർശനവുമായി പാർട്ടിക്കാരും എത്തിയിട്ടുണ്ട് . സിഐടിയു ഏരിയാ പ്രസിഡന്റ് കൂടിയായിരുന്ന ചെയർമാൻ രാജകുടുംബത്തിൽ അനുഗ്രഹം തേടിയെത്തിയത് നാണക്കേടായി എന്ന രീതിയിലാണ് വിമർശനം . ബിജെപി വിജയിച്ച വാര്‍ഡാണ് കോവിലകം എന്നും അവിടെ തന്നെ പോയി രാജഭരണത്തിന്റെ അടയാളത്തിനു മുന്നില്‍ കാല്‍ക്കല്‍ വീണത് ഒഴിവാക്കാമായിരുന്നു എന്നും പാർട്ടി പ്രവർത്തകർ പറയുന്നു.
മാത്രമല്ല രാജാവ് , കോവിലകം ഇതൊക്കെ തട്ടുമ്പുറത്തേയ്ക്കെറിഞ്ഞ പാഴ് വാക്കുകളാണെന്നും ,ഇനിയും നമ്മളായിട്ട് അതൊക്കെ പൊടി തട്ടി കൊണ്ടു വരാതിരിക്കണമെന്നും ചെയർമാനെ വിമർശിക്കുന്നുണ്ട്.
Comments