കൊച്ചി: സംസ്ഥാനത്ത് കൊറോണ വാക്‌സിൻ വിതരണത്തിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ജനുവരി 16 ന് സംസ്ഥാനത്ത് കൊറോണ പ്രതിരോധ വാക്‌സിൻ വിതരണം ആരംഭിക്കും. വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കുന്നതിനെ കുറിച്ച് നിരവധി ആശങ്കകൾ പൊതുജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഇത്തരം ആശങ്കകൾ അകറ്റാൻ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
കൊറോണ രോഗമുക്തർക്കും വാക്‌സിൻ സ്വീകരിക്കാം. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ വാക്‌സിൻ സഹായിക്കും. കൊറോണ സ്ഥിരീകരിക്കുകയോ സംശയിക്കപ്പെടുകയോ ചെയ്യുന്ന വ്യക്തി വാക്‌സിനേഷൻ കേന്ദ്രത്തിലെത്തിയാൽ രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ രോഗ ലക്ഷണങ്ങൾ മാറി 14 ദിവസം കഴിയുന്നത് വരെ വാക്‌സിൻ സ്വീകരിക്കുന്നത് മാറ്റി വെയ്ക്കാം.
കൊറോണ വാക്‌സിൻ സ്വീകരിച്ച ശേഷം കുത്തിവെയ്പ്പ് കേന്ദ്രത്തിൽ അരമണിക്കൂർ നേരമെങ്കിലും വിശ്രമിക്കണം. അസ്വസ്ഥതയോ ശാരീരിക ബുദ്ധിമുട്ടുകളോ നേരിടേണ്ടി വന്നാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് വാക്‌സിൻ വിതരണം നടത്തുന്നത്. മറ്റേതൊരു വാക്‌സിൻ സ്വീകരിച്ചാലും ഉണ്ടാകാൻ സാധ്യതയുള്ള ചെറിയ പനി, വേദന, എന്നിവ ഉണ്ടാകാനിടയുണ്ട്. വാക്‌സിൻ സ്വീകരിച്ച ശേഷം പാർശ്വ ഫലങ്ങളുണ്ടായാൽ അത് കൈകാര്യം ചെയ്യാനുള്ള സജ്ജീകരണങ്ങൾ ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.
കാൻസർ, പ്രമേഹം, രക്തസമ്മർദ്ദം, എന്നീ അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്ക് വാക്‌സിൻ സ്വീകരിക്കാം. 28 ദിവസങ്ങളുടെ ഇടവേളയിൽ ആകെ രണ്ടു ഡോസുകളാണ് സ്വീകരിക്കേണ്ടത്.
Comments