പാവറട്ടി: അമ്മയുടെ കണ്ണ് ചവിട്ടിത്തകർത്ത മകനെതിരെ കേസെടുത്ത് പോലീസ്. പാവറട്ടി പോലീസാണ് കുടുംബത്തിന്റെ പാരാതിയിൽ കേസെടുത്തത്. കാക്കശേരി പുളിഞ്ചേരി പിടിപാലത്തിന് സമീപം പുത്തൂർ വീട്ടിൽ ജോണിയുടെ ഭാര്യ മേരി(71)യുടെ കണ്ണാണ് മദ്യപിച്ചെത്തിയ മകൻ ബൈജു ചവിട്ടി തകർത്തത്. അമ്മയെ അടിച്ച് അവശയാക്കുകയും ചെയ്തിരുന്നു.
മേരിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കഴിഞ്ഞ ശനിയാഴ്ച മദ്യപിച്ചെത്തിയ മകൻ വഴക്കാരംഭിച്ചതോടെ മേരി പോലീസിനെ വിളിച്ചിരുന്നു. തുടർന്ന് ഇതിന്റെ വൈരാഗ്യത്തിൽ അടുത്ത ദിവസവും ബൈജു മദ്യപിച്ചെത്തി മർദ്ദിക്കുയായിരുന്നു. താഴെത്തള്ളിയിട്ട് മുഖത്ത് ചവിട്ടിയപ്പോഴാണ് കണ്ണിന് പരിക്കേറ്റതെന്ന് മേരി പറയുന്നു.
കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. അതേസമയം ബൈജുവിനെതിരെ പരാതിയുമായി സ്റ്റേഷനിലെത്തിയ ബന്ധുക്കൾ തിങ്കളാള്ച പരാതിയില്ലെന്ന് മൊഴി നൽകിയിട്ടുണ്ടെന്നും പരാതി സ്വീകരിക്കാൻ കഴിയില്ലെന്നും അറിയിച്ച് പോലീസ് മടക്കി അയച്ചു.
എന്നാൽ സംഭവം വിവാദമാകുമെന്ന് മനസിലായതോടെ ചൊവ്വാഴ്ച പോലീസ് മേരിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. എങ്ങനെയെങ്കിലും മകന്റെ മർദ്ദനത്തിൽ നിന്ന് രക്ഷിക്കണമെന്ന് മേരി പോലീസിനോട് അപേക്ഷിച്ചു.
Comments