ലക്നൗ: ഗൊരഖ്നാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മകര സംക്രാന്തിയോടനുബന്ധിച്ചാണ് അദ്ദേഹം ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തിയത്. ജനങ്ങൾക്ക് മകരസംക്രാന്തി ആശംസകളും അദ്ദേഹം നേർന്നു.
രാജ്യത്തൊട്ടാകെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പേരുകളിൽ ഇന്ന് മകരസംക്രാന്തി ആഘോഷിക്കപ്പെടുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തരേന്ത്യയിൽ സംക്രാന്തി എന്ന പേരിലും ദക്ഷിണേന്ത്യയിൽ പൊങ്കൽ എന്ന പേരിലും ജനങ്ങൾ ഉത്സവം കൊണ്ടാടുന്നു. അസമിൽ ബിഹു എന്ന പേരിലാണ് മകരസംക്രാന്തി ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൂര്യദേവന്റെ ആഘോഷമാണ് മകരസംക്രാന്തി. മകരസംക്രാന്തി ദിനത്തിൽ തീർത്ഥാടകർ സൂര്യദേവന് പ്രണാമം അർപ്പിക്കുന്നു. ഗൊരഖ്നാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താനായി എത്തുന്ന തീർത്ഥാടകർക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ പ്രോട്ടോകോളുകൾ പാലിച്ചായിരിക്കണം തീർത്ഥാടകർ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തേണ്ടതെന്നും യോഗി ആദിത്യനാഥ് നിർദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Comments