ന്യൂഡൽഹി: രാജ്യത്ത് ഏഴ് പേർക്ക് കൂടി അതിതീവ്ര കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ പുതിയ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 109ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ചവരെല്ലാം പ്രത്യേക നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ജീനോം സീക്വൻസിംഗ് ടെസ്റ്റിന് വിധേയരാക്കുമെന്നും പ്രത്യേകം ഐസൊലേറ്റ് ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ രാജ്യത്ത് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ അതിതീവ്ര കൊറോണ രോഗികളുടെ എണ്ണം നൂറ് കടന്നിരുന്നു.
നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടണിലെ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ ഇന്ത്യയെ കൂടാതെ ഡെൻമാർക്ക്, നെതർലാൻഡ്, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലാൻഡ്, ജപ്പാൻ, ജർമ്മനി, ലെബനൻ, സിംഗപൂർ തുടങ്ങിയ രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്.
Comments