മലപ്പുറം: സിപിഎമ്മിന്റെ മത രാഷ്ട്രീയ സംഘടനകളുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമിയും സിപിഎമ്മും തമ്മിൽ ബന്ധമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നായിരുന്നു പാലോളി മുഹമ്മദ് കുട്ടിയുടെ തുറന്ന് പറച്ചിൽ.
തദ്ദേശ, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമി ഇടത് മുന്നണിയ്ക്ക് വോട്ട് നൽകിയിട്ടുണ്ട്. ഈ വോട്ടുകൾ ഇടത് മുന്നണിയ്ക്ക് സഹായകമായിട്ടുണ്ട്. സഖ്യവും ധാരണയുമില്ലെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളുമായി സിപിഎം നേതാക്കൾ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുകളുടെ പിൻബലത്തിൽ പണ്ട് പല പഞ്ചായത്തുകളും ഇടത് മുന്നണി സ്വന്തമാക്കിയിട്ടുണ്ട്. അക്കാലത്തെ കോൺഗ്രസിന്റെ കേന്ദ്രസർക്കാരിനെതിയുള്ള നിലപാടും അന്തർദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ സിപിഎം സ്വീകരിക്കുന്ന നിലപാടും പരിഗണിച്ചാണ് ജമാഅത്തെ ഇസ്ലാമി ഇടതു മുന്നണിക്ക് വോട്ട് ചെയ്തിരുന്നതെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.
Comments