ഭോപ്പാൽ : മദ്ധ്യപ്രദേശിൽ പെൺകുട്ടികൾക്കെതിരെ വിവാദ പരാമർശം നടത്തി കോൺഗ്രസ് എംഎൽഎ. ഭോപ്പാലിലെ എംഎൽഎയായ സജ്ജൻ വർമ്മയാണ് പൊതുപരിപാടിക്കിടെ പെൺകുട്ടികൾക്കെതിരെ വിവാദ പരാമർശം നടത്തിയത്. 15ാം വയസ്സിൽ പ്രത്യുത്പാദന ശേഷി കൈവരിക്കുന്നവരാണ് പെൺകുട്ടികൾ എന്നും, ഇവരുടെ വിവാഹ പ്രായം ഉയർത്തുന്നത് എന്തിനാണെന്നും സജ്ജൻ വർമ്മ ചോദിച്ചു.
സംസ്ഥാനത്ത് പെൺകുട്ടികളുടെ വിവാഹ പ്രായം 18 ൽ നിന്നും 21 ആക്കി ഉയർത്തുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സജ്ജന്റെ പ്രതികരണം. 15ാം വയസ്സിൽ തന്നെ പെൺകുട്ടികൾ പ്രത്യുത്പാദനശേഷി കൈവരിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മുഖ്യമന്ത്രി ഡോക്ടറാണോ അതോ ശാസ്ത്രജ്ഞനോ ?. പെൺകുട്ടികളുടെ വിവാഹ പ്രായം 18 ൽ നിന്നും 21 ആക്കി ഉയർത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും സജ്ജൻ പറഞ്ഞു.
സംഭവം വിവാദമായതിനെ തുടർന്ന് എംഎൽഎയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ രംഗത്ത് വന്നിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് മദ്ധ്യപ്രദേശ് പ്രൊട്ടേം സ്പീക്കർക്ക് കത്ത് നൽകി.
Comments