ദോഹ* എയര്‍ അറേബ്യ ഖത്തറിലേക്ക് തിങ്കളാഴ്ച(ജനുവരി 18) മുതല്‍
നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കും. മൂന്നര വര്‍ഷത്തെ ഉപരോധശേഷം
യുഎഇയില്‍ നിന്നു ഖത്തറിലേക്കുള്ള ആദ്യ വിമാനമാണിത്. ഷാര്‍ജയില്‍ നിന്നു
ദോഹയിലേക്കും തിരിച്ചും പ്രതിദിന സര്‍വീസ് ഉണ്ടാകുമെന്നാണ് എയര്‍
അറേബ്യയുടെ ട്വീറ്റ്.
വെബ്സൈറ്റില്‍ നിന്നു ലഭിക്കുന്ന വിവരമനുസരിച്ച് 18ന് യുഎഇ സമയം
വൈകിട്ട് 4.10നുള്ള ജി 9134 വിമാനമാണ് ഖത്തറിലേക്ക് ഉപരോധാനന്തരം
പറക്കുന്ന ആദ്യ വിമാനം. ഖത്തര്‍ സമയം വൈകിട്ട് 5.10ന് ദോഹ ഹമദ്
വിമാനത്താവളത്തില്‍ നിന്നു പുറപ്പെടുന്ന വിമാനം രാത്രി 7.10ന്
ഷാര്‍ജയില്‍ തിരിച്ചെത്തും.
അല്‍ ഉല പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍
വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് ജനുവരി 9ന് ജനറല്‍ സിവില്‍
ഏവിയേഷന്‍ അതോറിറ്റി(ജിസിഎഎ) വ്യക്തമാക്കിയിരുന്നു. കെയ്റോയില്‍
നിന്ന് ദോഹയിലേക്ക് ഈജിപ്ത് എയറും തിങ്കളാഴ്ച മുതല്‍ സര്‍വീസ്
പുനരാരംഭിക്കും. കെയ്റോയിലേക്കും അലക്സാണ്ഡ്രിയയിലേക്കും ഖത്തര്‍
എയര്‍വേയ്സും തിങ്കളാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും.
Comments