യു.എ.ഇയിൽ തണുപ്പിനെ പ്രതിരോധിക്കാൻ കരി കത്തിച്ച് ഉറങ്ങിയ മൂന്ന് മലയാളികളിൽ ഒരാൾ ശ്വാസം മുട്ടി മരിച്ചു. അൽ ഐൻ അൽ മസൂദിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം തിരുന്നാവായ എടക്കുളം സ്വദേശി ഹംസ (29) ആണ് അൽ ജിമി ആസ്പത്രിയിൽ ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചത്. കൂടെ ജോലി ചെയ്യുന്ന കാസർഗോഡ് നെല്ലിക്കുന്ന് സ്വദേശികളായ സഹോദരന്മാരായ കബീർ, സമീർ എന്നിവർ രക്ഷപെട്ടു. ഇവരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. തണുപ്പിനെ പ്രതിരോധിക്കുന്നതിന് കരി കത്തിച്ച് കിടന്നുറങ്ങുകയായിരുന്നുവെന്ന് ഹംസയുടെ സഹപ്രവർത്തകനായ കബീർ പറഞ്ഞു. രാവിലെ മൂന്നുപേരെയും വീട്ടിൽ കാണാതിരുന്ന ഉടമസ്ഥൻ ഇവരുടെ മുറിയിലെത്തി വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനാൽ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് മൂന്നുപേരെയും ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. അൽ ഐൻ അൽ ജിമി ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Comments