ന്യൂഡൽഹി: രാജ്യത്ത് ഇന്ന് വാക്സിൻ വിതരണത്തിന് തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വൽ സമ്മേളനത്തിലൂടെ വാക്സിൻ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
രാവിലെ 10.30 നാണ് വാക്സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം. കൊവിൻ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. വാക്സിൻ രജിസ്ട്രേഷനും മറ്റ് നടപടികൾക്കുമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷനാണ് കൊവിൻ ആപ്പ്.
രണ്ടു വാക്സിനുകൾക്കാണ് അടിയന്തര ഉപയോഗത്തിനായി ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ കൊവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനും. ആരോഗ്യ പ്രവർത്തകർക്കും കൊറോണ മുൻനിര പോരാളികൾക്കുമാണ് രാജ്യത്ത് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. രണ്ടാം ഘട്ടത്തിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്കും രോഗ വ്യാപന സാധ്യത കൂടുതലുള്ള 50 വയസിന് താഴെ പ്രായമുള്ളവർക്കും നൽകും. 28 ദിവസത്തെ ഇടവേളകളിൽ രണ്ടു വാക്സിൻ ഡോസുകളാണ് സ്വീകരിക്കേണ്ടത്.
Comments