തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രോട്ടോകോൾ ഓഫീസറെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ എ ഹഖിന് കസ്റ്റംസ് നോട്ടീസ് നൽകി. നയപ്രതിനിധികൾ അല്ലാത്തവർക്ക് ഷൈൻ തിരിച്ചറിയൽ കാർഡ് നൽകിയെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.
യുഎഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഖാലിദ് നയതന്ത്ര പരിരക്ഷയോടെ ഡോളർ കടത്തിയ സംഭവത്തിലാണ് പ്രോട്ടോകോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ലൈഫ് മിഷൻ കമ്മീഷനായി ലഭിച്ച തുക ഡോളർ ആക്കി മാറ്റി വിദേശത്തേക്ക് കടത്തിയ കേസിൽ ഈജിപ്ഷ്യൻ പൗരനായ ഖാലിദിനെ കസ്റ്റംസ് പ്രതി ചേർത്തിട്ടുണ്ട്. ഖാലിദിന് നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നില്ല. എന്നാൽ പ്രോട്ടോകോൾ ഓഫീസറായ ഷൈൻ അനുവദിച്ച തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് നയതന്ത്ര പരിരക്ഷയോടെ ഡോളർ കടത്തിയതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
അതേസമയം സ്വർണ്ണക്കടത്ത് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന റബിൻസ് അഹമ്മദിനെ ചോദ്യം ചെയ്യാനുള്ള നടപടിയും കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്.
Comments