ടെക്‌സാസ്: ഓരോരുത്തർക്കും വ്യത്യസ്ത തരത്തിലുള്ള ശരീര പ്രകൃതിയായിരിക്കും ഉണ്ടായിരിക്കുക. ഒരാളെ മറ്റൊരാളിൽ നിന്നും വ്യത്യസ്തനാക്കുന്നതും അവരവരുടേതായ ശരീര പ്രകൃതി തന്നെയായിരിക്കും. ആരോഗ്യകരമായ ജീവിത രീതികളിലൂടെ നമ്മുടെ സൗന്ദര്യത്തിൽ കുറച്ചൊക്കെ മാറ്റം വരുത്താം. അൽപ്പ സ്വൽപ്പം നിറം വർധിക്കാനും സൗന്ദര്യം കൂടാനുമുള്ള ചില പൊടിക്കൈകളൊക്കെ എല്ലാവരും പരീക്ഷിക്കാറുണ്ട്. എന്തൊക്കെ ചെയ്താലും അടിസ്ഥാനപരമായ സവിശേഷതകൾ മാറ്റാൻ ആർക്കും കഴിയാറില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉയരം. എന്നാൽ ഉയരം വർധിപ്പിക്കാനും ഇപ്പോൾ വൈദ്യ ശാസ്ത്ര ലോകത്തിന് കഴിയുമെന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരിക്കുന്നു.
അത്തരത്തിൽ ഉയരം കൂട്ടനായി ലിംമ്പ് ലെംഗ്‌തെനിംഗ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായൊരു യുവാവിന്റെ അനുഭവ കഥകളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയം ആകുന്നത്. ടെക്‌സാസ് സ്വദേശിയായ അൽഫോൻസോ ഫ്‌ളോർസാണ് ഈ ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്. ഒത്ത ഉയരമുള്ള ഒരു പുരുഷനായിക്കണമെന്നുള്ളതായിരുന്നു അൽഫോൻസോ ഫ്‌ളോർസിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹം. എന്നാൽ കൗമാരം കടന്ന് യാവ്വനത്തിലെത്തിയിട്ടും താനാഗ്രഹിച്ച ഉയരം തനിക്കില്ലെന്ന് അവൻ മനസിലാക്കി.
എന്നാൽ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ അവന് കഴിഞ്ഞില്ല. ആ നിരാശയിൽ ജീവിതം മുന്നോട്ട് പോകുമ്പോഴായിരുന്നു ലാസ് വോഗാസിലുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ച് അൽഫോൻസോ മനസിലാക്കുന്നത്. അവിടെ പ്രഗത്ഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ കോസ്‌മെറ്റിക് സർജറികൾ ചെയ്തു കൊടുക്കുമെന്ന് അറിഞ്ഞ അൽഫോൻസോ അവരുമായി ബന്ധപ്പെട്ട് ലിംമ്പ് ലെംഗ്‌തെനിംഗ് ശസ്ത്രക്രിയയെ കുറിച്ച് മനസിലാക്കി. ആദ്യം വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ഇദ്ദേഹത്തിന്റെ തീരുമാനത്തെ എതിർത്തെങ്കിലും പിന്നീട് അവരെല്ലാം അൽഫോൻസോയുടെ തീരുമാനത്തെ അനുകൂലിച്ചു.
ഓരോ വ്യക്തിയ്‌ക്കും അവരവരുടെ ജീവിതത്തെ കുറിച്ച് ചില സ്വപ്‌നങ്ങളും സങ്കൽപ്പങ്ങളുമുണ്ടായിരിക്കും. കഴിയുമെങ്കിൽ അത് നേടിയെടുക്കാൻ ശ്രമിക്കുന്നതായിരിക്കും നല്ലതെന്നാണ് അൽഫോൻസോയുടെ അഭിപ്രായം. തന്റെ ജീവിതം പലർക്കും മാതൃകയാകട്ടെയെന്നും ഇദ്ദേഹം ആഗ്രഹിക്കുന്നു. ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞ് ഏഴു മാസം ആയെന്നും വിചാരിച്ചത്രയും വേദനയോ മറ്റ് ബുദ്ധിമുട്ടുകളോയില്ലെന്നും അൽഫോൻസോ പറഞ്ഞു. വളരെ എളുപ്പത്തിൽ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിഞ്ഞു. ഇനി ആഗ്രഹിച്ചത് പോലെ ഒരു ജീവിതത്തിലേക്ക് ആത്മവിശ്വാസത്തോടെ പോകുകയാണെന്നും അൽഫോൻസോ കൂട്ടിച്ചേർത്തു.
Comments