പനാജി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ ആരോഗ്യ നില തൃപ്തികരം. ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. ഗോവ മെഡിക്കൽ കോളേജിലാണ് ശ്രീപദ് നായിക്ക് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
തന്നെ സന്ദർശിക്കാനായി അണികളും പാർട്ടി പ്രവർത്തകരും ആശുപത്രിയിലെത്തരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. അഞ്ചു ദിവസങ്ങൾക്കുള്ളിൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുമെന്നും അതിന് ശേഷം എല്ലാവരെയും കാണാമെന്നും ശ്രീപദ് നായിക് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജനുവരി 11 നാണ് ശ്രീപദ് നായിക്കിന് അപകടം ഉണ്ടായത്. ഗോകർണ്ണത്തിലേക്ക് പോകുന്ന വഴി അംഗോലയ്ക്ക് സമീപത്ത് വെച്ച് അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യ വിജയാ നായികും, പേഴ്സണൽ സെക്രട്ടറിയും മരിച്ചു.
Comments