ന്യൂഡൽഹി: പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴിൽ ഉത്തർ പ്രദേശിലെ 6.1 ലക്ഷം ഗുണഭോക്താക്കൾക്ക് 2691 കോടി രൂപയുടെ ധനസഹായ വിതരണം നാളെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമറും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും. 5.30 ലക്ഷം ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡുവും, നേരത്തെ ആദ്യ ഗഡു സഹായം ലഭിച്ച 80,000 ഗുണഭോക്താക്കൾക്കുള്ള രണ്ടാം ഗഡുവിന്റെ വിതരണവുമാണ് നാളെ നടക്കുക.
2022 ഓടെ എല്ലാവർക്കും വീട് എന്ന ആഹ്വാനത്തോടെ 2016 നവംബർ 20 നാണ് പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതി എന്ന ബൃഹത് പദ്ധതിക്ക് തുടക്കം കുറിച്ചത്. 1.26 കോടി വീടുകളാണ് പദ്ധതിയുടെ കീഴിൽ ഇതുവരെ നിർമ്മിച്ച് നൽകിയത്. പദ്ധതിക്ക് കീഴിൽ ഓരോ ഗുണഭോക്താവിനും 1.20 ലക്ഷം രൂപയാണ് ഗ്രാന്റായി ലഭിക്കുക. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും ദുർഘട പ്രദേശങ്ങളിലും ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് ഭീകര ബാധിത ജില്ലകളിലും 1.3 ലക്ഷം രൂപ 100 ശതമാനം ഗ്രാന്റായി നൽകും.
പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ശുചിത്വ ഭാരത ദൗത്യത്തിന് കീഴിൽ ശുചിമുറികളുടെ നിർമ്മാണത്തിനായി മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം അവിദഗ്ധ തൊഴിലാളികൾക്കുള്ള കൂലിയായ 12,000 രൂപയും ലഭ്യമാക്കും. പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിക്ക് കീഴിലെ പാചക വാതക കണക്ഷൻ എന്നിവയും, ജല ജീവൻ ദൗത്യത്തിന് കീഴിൽ സുരക്ഷിത കുടിവെള്ളവും ഉൾപ്പെടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുമായി ഈ പദ്ധതിയെ ബന്ധിപ്പിച്ചിട്ടുണ്ട്.
Comments