ന്യൂഡൽഹി: ഭഗവാൻ പരമശിവനെ അപമാനിക്കുന്ന ദൃശ്യങ്ങളിലൂടെ വിവാദത്തിലായ വെബ് സീരീസ് താണ്ഡവിലെ വിവാദ രംഗങ്ങൾ മാറ്റുമെന്ന് സംവിധായകൻ അലി അബ്ബാസ് സഫർ. ട്വിറ്ററിലൂടെയാണ് അലി അബ്ബാസ് സഫർ ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് നീക്കം.
രാജ്യത്തെ ജനങ്ങളുടെ വികാരത്തെ മാനിക്കുന്നതായി അലി അബ്ബാസ് സഫർ പറഞ്ഞു. മതവിഭാഗങ്ങളുടെയോ വ്യക്തികളുടെയോ വികാരത്തെ വ്രണപ്പെടുത്താൻ ഒരിക്കലും ഉദ്ദേശിച്ചില്ല. ആശങ്ക പ്രകടിപ്പിച്ച ദൃശ്യങ്ങൾ മാറ്റാൻ തീരുമാനിച്ചുകഴിഞ്ഞു. വിഷയത്തിൽ മാർഗനിർദ്ദേശങ്ങളും പിന്തുണയും നൽകിയ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് അലി അബ്ബാസ് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. വെബ്സീരീസ് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പു ചോദിക്കുന്നതായും കുറിപ്പിൽ പറയുന്നു.
ആമസോൺ പ്രൈമിലൂടെ പുറത്തുവിട്ട വെബ് സീരീസിൽ ഭഗവാൻ ശിവനെ അപമാനിക്കുന്ന തരത്തിൽ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദമായത്.
വെബ്സീരീസിന്റെ ആദ്യ എപ്പിസോഡിലാണ് വിവാദ രംഗം ഉൾക്കൊള്ളിച്ചത്. ഭഗവാൻ ശിവനെ അവഹേളിക്കുന്ന രീതിയിൽ ത്രിശൂലവും, ഡമരുവും ഉൾപ്പെടെ സീരിസിൽ ഉപയോഗിച്ചിരുന്നു.
പരമ്പര നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ബിജെപി എംപി മനോജ് കൊട്ടക് കത്തെഴുതുകയും ചെയ്തു. ഇത് സംബന്ധിച്ച പരാതിയിൽ അണിയറ പ്രവർത്തകർക്കും ഇന്ത്യയിലെ ആമസോൺ പ്രൈം വീഡിയോ മേധാവിക്കുമെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
— ali abbas zafar (@aliabbaszafar) January 19, 2021
Comments