തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.67(2,67,31,509) കോടി വോട്ടർമാർ. ഇതിൽ സ്ത്രീ വോട്ടർമാർ 1,37,79263, പുരുഷ വോട്ടർമാർ 1,02,95202 ഉം ആണ്. പുതുതായി പത്ത് ലക്ഷം അപേക്ഷകൾ കിട്ടി. അതിൽ 579033 പേർ പുതിയ വോട്ടർമാരാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.
ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്താണ്. 3214943 പേർ. ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരുള്ളതും മലപ്പുറത്താണ്. 90709 പ്രവാസി വോട്ടർമാരുമുണ്ട്. 2.99 ലക്ഷം കന്നി വോട്ടർമാരുമുണ്ട്. 221 ട്രാൻസ്‌ജെന്റേർസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടും. 1000 വോട്ടർമാരെ മാത്രമെ ഒരു പോളിംഗ് സ്‌റ്റേഷനിൽ വോട്ട് ചെയ്യാൻ അനുവദിക്കൂ എന്ന നിബന്ധന വന്നതോടെയാണിത്. 15,730 പോളിംഗ് സ്റ്റേഷനുകൾ കൂടി വരുന്നതോടെ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം സംസ്ഥാനത്ത് 40771 ലേക്ക് ഉയർന്നുവെന്നും ടീക്കാറാം മീണ പറഞ്ഞു.
വോട്ടർ പട്ടികയിൽ പേര് വരാത്തവർക്ക് ഇനിയും അപേക്ഷിക്കാൻ അവസരമുണ്ട്. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിന് പത്ത് ദിവസം മുൻപ് വരെ അപേക്ഷിക്കാം. എന്നാൽ രജിസ്റ്റർ ചെയ്യുന്നവരുടെ പേരുകൾ സപ്ലിമെന്ററി ലിസ്റ്റിലാണ് ഉൾപ്പെടുത്തുകയെന്നും ടീക്കാറാം മീണ അറിയിച്ചു. തെരഞ്ഞെടുപ്പ് ഏപ്രിൽ 15നും 30നും ഇടയിൽ ഒറ്റ ഘട്ടമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് വിഞ്ജാപനമുണ്ടാകും.
Comments