കോട്ടയം: മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളെ ദിവസങ്ങളോളം പൂട്ടിയിട്ട് അച്ഛൻ മരിച്ച സംഭവത്തിൽ മകൻ കസ്റ്റഡിയിൽ. റെജി കുമാറിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.
സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് എടുത്തു. റെജി കുമാർ ശരിയായി പരിചരിക്കാത്തത് കൊണ്ടാണ് അച്ഛനായ പൊടിയൻ മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഭക്ഷണവും മരുന്നും നൽകാതെ പ്രായമായ അച്ഛനെയും അമ്മയെയും റെജി കുമാർ മുറിയിൽ ഒറ്റപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.
ദിവസങ്ങളോളം ഒറ്റപ്പെടൽ അനുഭവിച്ചതിന് പിന്നാലെയാണ് അവശനായ പൊടിയൻ മരിച്ചത്. മാനസിക നില തെറ്റിയ അമ്മയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഒരു മാസത്തിലേറെയായി വൃദ്ധ ദമ്പതികൾ പട്ടിണിയിലായിരുന്നു. മറ്റാരും വരാതിരിക്കാൻ ദമ്പതികൾ കിടക്കുന്ന കട്ടിലിൽ റെജി കുമാർ പട്ടിയെ കെട്ടിയിട്ടതായും കണ്ടെത്തിയിരുന്നു.
Comments