ന്യൂഡൽഹി: പിപിഇ കിറ്റ് ധരിച്ചെത്തി ജ്വല്ലറി ഷോറൂമിൽ മോഷണം. 13 കോടിയോളം രൂപ വിലവരുന്ന സ്വർണ്ണമാണ് കവർച്ച ചെയ്യപ്പെട്ടത്. ഡൽഹിയിലാണ് സംഭവം. മോഷണം നടത്തിയ മുഹമ്മദ് ഷെയ്ഖ് നൂറിനെ പോലീസ് പിടികൂടി. കർണാടക സ്വദേശിയാണ് ഇയാൾ. 25 കിലോയോളം സ്വർണ്ണമാണ് ഇയാൾ ജ്വല്ലറിയിൽ നിന്നും കവർന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
മോഷണം നടന്ന സമയത്ത് ആയുധധാരികളായ അഞ്ചു സുരക്ഷാ ജീവനക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും മോഷ്ടാവ് അകത്ത് കടന്ന വിവരം ഇവർ അറിഞ്ഞിരുന്നില്ല. പിപിഇ കിറ്റ് ധരിച്ച് സമീപത്തെ കെട്ടിടത്തിന്റെ ടെറസിൽ നിന്നും ചാടിയാണ് ഇയാൾ സ്വർണ്ണക്കട പ്രവർത്തിക്കുന്ന കെട്ടിടത്തിലെത്തിയത്. കടക്കുള്ളിൽ കയറി ഇയാൾ സ്വർണാഭരണങ്ങൾക്കായി തെരച്ചിൽ നടത്തുന്നത്് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മോഷ്ടിച്ച സ്വർണ്ണം ഇയാൾ ഒരു ഓട്ടോയിലാണ് കൊണ്ടു പോയത്.
രാത്രി 9.30 കവർച്ചയ്ക്കായി ജ്വല്ലറിയിൽ പ്രവേശിച്ച ഇയാൾ പുലർച്ചെ മൂന്ന് മണിയോടെയാണ് ഇവിടെ നിന്നും പുറത്തിറങ്ങിയത്.
Comments