തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച ഏഴ് തദ്ദേശ സ്വയം ഭരണ വാർഡുകളിൽ തെരഞ്ഞെടുപ്പ് പൂർത്തിയായി. 78.24 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരനാണ് ഇക്കാര്യം അറിയിച്ചത്.
കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിമുക്ക് (05), ചോല (13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പി എച്ച് സി വാർഡ് (07) എറണാകുളം കളമശേരി മുൻസിപ്പാലിറ്റിയിലെ മുൻസിപ്പൽ വാർഡ് (37), തൃശൂർ കോർപ്പറേഷനിലെ പുല്ലഴി വാർഡ് (47) കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർപൊയ്യിൽ (11), കണ്ണൂർ ജില്ലയിലെ തില്ലങ്കേരി (07) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വെള്ളിയാഴ്ച്ചയാണ് വോട്ടെണ്ണൽ.
താത്തൂർപൊയ്യിലാണ് ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത്. 86.1 ശതമാനമാണ് താത്തൂർപൊയ്യിലെ പോളിംഗ് ശതമാനം. പറമ്പിമുക്കിൽ 85.38 ശതമാനവും ചോലയിൽ 79.18 ശതമാനവും പി എച്ച് സി വാർഡിൽ 76.3 ശതമാനവും കളമശേരി മുൻസിപ്പാലിറ്റി വാർഡിൽ 74.51 ശതമാനവും പുല്ലഴി വാർഡിൽ 81.82 ശതമാനവും തില്ലങ്കേരിയിൽ 64.45 ശതമാനവുമാണ് പോളിംഗ്.
Comments