സിനിമയെ ജീവിതമായി കാണുന്ന ഒരുപാട് കലാകാരന്മാര് നമുക്ക് ചുറ്റുമുണ്ട്. അഭിനയം എന്ന മോഹം കുട്ടിക്കാലം മുതല്ക്കേ ഉള്ളില്‍ കയറി കൂടിയവര്‍. ഒരു സിനിമയിലെങ്കിലും ഒന്നു മുഖം കാണിക്കാനായി ചാന്‍സ് ചോദിച്ചു പലരുടെയും പിറകെ ഓടി തളര്ന്നവര്, കയ്യെത്തും ദൂരത്ത് എത്തിയിട്ടും എത്തിപ്പിടിക്കാനാവാത്തവര്. അത്തരമൊരു കലാകാരന്റെ കമന്റാണ് ഇപ്പോള്‍ സേഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
ജയസൂര്യയുടെ കടുത്ത ആരാധകനും അഭിനയ മോഹിയുമായ ഒരു യുവാവ്. കൊച്ചിക്കാരനായ റംസിയുടെ കമന്റാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. മൂന്ന് വര്‍ഷമായി റംസി ജയസൂര്യയുടെ ഓരോ ഫേസ്ബുക്ക് പോസ്റ്റിനും താഴെ ഒരു ചാന്‍സ് തരുമോ… എന്ന് കമന്റിടാന്‍ തുടങ്ങിയിട്ട്, എന്നാല്‍ ജയസൂര്യ ഇതുവരെ ആ കമന്റ് കണ്ടിട്ടില്ല .
താരത്തോടുള്ള ആരാധന കാരണം ഇന്‍ബോക്സില്‍ നിരവധി മെസേജുകള്‍ അയച്ചു. അവ നോക്കണമെന്ന് എന്ന് നിരന്തരമായി കമന്റ് ചെയ്തു എന്നിട്ടും രക്ഷയില്ല. എന്നാല്‍ ജയസൂര്യയുടെ ഓരോ പോസ്റ്റിനും താഴെ സ്ഥിരമായുള്ള റംസിയുടെ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വെള്ളം ഉള്‍പ്പെടെ ജയസൂര്യയുടെ പുറത്തിറങ്ങുന്ന എല്ലാ ചിത്രങ്ങളും വിട്ടുപോകാതെ കാണുകയും അവയുടെ അഭിപ്രായങ്ങള്‍ കമന്റായി അറിയിക്കുകയും ചെയ്യാറുണ്ട്. ജയസൂര്യ എന്ന നടന്റെ അഭിനയ ശൈലിയും, ചെയ്ത കഥാപാത്രങ്ങളുമാണ് റംസിയെ സ്വാധീനിച്ചത്. അച്ഛനാണ് സിനിമയെന്ന ലോകത്തേക്ക് റംസിയെ അടുപ്പിച്ചത്.
സിനിമയോട് താല്പര്യമുള്ള അച്ഛന് ചെറുപ്പംമുതല്‍ തന്നെ എല്ലാ സിനിമയും കാണിക്കുമായിരുന്നു. അന്നുമുതല്‍ തന്നെ സിനിമയും അതോടൊപ്പം അതിലെ ഓരോ കഥാപാത്രങ്ങളും റംസിയുടെ ഉള്ളില്‍ കയറിക്കൂടി. പിന്നീട് അതൊരു മോഹമായി മാറി. തുടര്‍ന്ന് അതിനുള്ള പരിശ്രമങ്ങളായിരുന്നു. പലയിടങ്ങളിലും ചെന്ന് അപമാനിതനായി തിരിച്ചു വരേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ ഓരോ കലാകാരനും അനുഭവിക്കുന്ന അവസ്ഥയാണിത്.
പിന്നീട് സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ ചെയ്ത് ശ്രദ്ധനേടി. എങ്കിലും ഇതൊന്നും തന്റെ ഇഷ്ട താരത്തിന്റെ അടുത്തെത്തിച്ചില്ല എന്ന വിഷമം റംസിയ്ക്കുണ്ട്. വളരെക്കാലം അലഞ്ഞതിനു ശേഷം അഭിനയിക്കാന്‍ ഒരു ചാന്‍സ് കിട്ടിയപ്പോള്‍ അത് കൊറോണ കൊണ്ടുപോയി. പല പ്രതിസന്ധികളിലൂടെയും കടന്നുപോയിട്ടും എല്ലാം നഷ്ടപ്പെട്ടിട്ടും അഭിനയം എന്ന ഒരൊറ്റ മോഹവുമായി മുന്നോട്ടുപോവകയാണ് റംസി. ഓട്ടോ തൊഴിലാളിയായിരുന്നു റംസി. കൊറോണ വന്നതോടുകൂടി അതും ഇല്ലാതായി. നിലവില്‍ എന്തു ജോലിയും ചെയ്യാന്‍ തയ്യാറാണ് റംസി, എങ്കിലും സിനിമാമോഹം മുറുകെ പിടിച്ചിട്ടുണ്ട്. ജയസൂര്യയെ കാണുമെന്നും, ഒരു ചെറിയ വേഷത്തിലെങ്കിലും ജയസൂര്യയുടെ കൂടെ അഭിനയിക്കാന്‍ സാധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് റംസി.
Comments