ഒമാനിൽ കൊറോണ വ്യാപനം തടയുന്നതിന് സാമൂഹിക പരിപാടികൾക്ക് വ്യാഴാഴ്ച മുതൽ വിലക്ക് ഏർപ്പെടുത്തിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു.എല്ലാവിധ പ്രാദേശിക പരിപാടികൾക്കും സ്പോർട്സ്, എക്സിബിഷൻ, അന്താരാഷ്ട്ര സമ്മേളനങ്ങൾ തുടങ്ങി പൊതു സ്വഭാവത്തിലുള്ള പ്രവൃത്തികൾക്കും വിലക്ക് ബാധകമായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന സുപ്രീം കമ്മിറ്റി യോഗം അറിയിച്ചു.രാജ്യത്ത് പുതിയ രോഗികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ആശുപത്രികളിലും തീവ്രപരിചരണ വിഭാഗങ്ങളിലും പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നതും കണക്കിലെടുത്താണ് തീരുമാനം .സ്വദേശി സ്കൂളുകളിൽ സംയോജിത രീതിയിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള തീരുമാനവും നീട്ടിവെച്ചിട്ടുണ്ട്. കോളജുകളിലും സർവകലാശാലകളിലും ക്ലാസുകൾ ആരംഭിക്കാനുള്ള തീയതി നീട്ടാനും സുപ്രീം കമ്മിറ്റി നിർദേശിച്ചു. രാജ്യത്തിന് പുറത്തേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും സ്വദേശികളോടും വിദേശികളോടും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.
Comments