ദോഹ* ഖത്തറില്‍ ഇന്ന് ഒരു കൊറോണ രോഗി മരണമടഞ്ഞു. 66 വയസ്സുള്ള രോഗിയാണ്
മരണമടഞ്ഞതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊറോണ
മരണങ്ങള് 249 ആയി. അന്താരാഷ്ട്രതലത്തില്‍ കുറഞ്ഞ കൊറോണ മരണനിരക്കുള്ള
രാജ്യമാണ് ഖത്തര്‍. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കൊറോണ
രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് സ്വദേശികള്‍ക്കും
പ്രവാസികള്‍ക്കും ഒരുപോലെ ആശങ്കയുണര്‍ത്തുന്നുണ്ട്.
ഇന്നു രോഗം സ്ഥിരീകരിച്ചത് 385 പേര്‍ക്കാണ്. ഇതില്‍ 363 പേര്
ഖത്തറില്‍ ഉള്ളവരും 22 പേര് മറ്റു രാജ്യങ്ങളില്‍ നിന്ന്
എത്തിയവരുമാണ്. 5,518 പേരാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച്
ചികിത്സയിലുള്ളത്. ഇതില്‍ ആശുപത്രികളില്‍ കഴിയുന്നത് 469 പേരാണ്.
ഇവരില്‍ 63 പേര് 24 മണിക്കൂറിനിടെ ആശുപത്രിയില്‍
പ്രവേശിപ്പിക്കപ്പെട്ടവരാണ്. 53 പേരാണ് അതിതീവ്ര പരിചരണ
വിഭാഗത്തിലുള്ളത്.
രോഗികളുടെ എണ്ണം ഇനിയും ക്രമാനുഗതമായി ഉയര്‍ന്നാല്‍ കടുത്ത
നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തേണ്ടി വരുമെന്നു ഹമദ് മെഡിക്കല്‍
കോര്പറേഷന് സാംക്രമിക രോഗപ്രതിരോധ വിഭാഗം മേധാവിയും കൊറോണ ദേശീയാരോഗ്യ
സ്ട്രാറ്റജിക് ഗ്രൂപ് അധ്യക്ഷനുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍
കഴിഞ്ഞദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.
ഒത്തുചേരലുകള്‍, വിവാഹാഘോഷങ്ങള്‍ എന്നിവയിലൊക്കെ കൊറോണ മുന്‍കരുതല്‍
സ്വീകരിക്കുന്നതില്‍ ആളുകള്‍ കാട്ടുന്ന അലംഭാവമാണ് രോഗബാധ കൂടാന്‍
ഇടയാക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
Comments