മലയാള ചലച്ചിത്ര മേഖലയില്‍ അഭിമാനവും നട്ടെല്ലും ഉള്ളവര്‍ക്ക് വംശനാശം വന്നിരിക്കുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ അവാര്‍ഡ് വാപ്പസി നടത്തിയവരും തുണിയഴിച്ച് പ്രകടനം നടത്തിയ അലന്‍സിയറെ പോലുള്ള ഏഴാംകൂലികളും ഒന്നും ഒരക്ഷരം മിണ്ടാതെ തങ്ങളുടെ അടിമ മനോഭാവം പ്രകടമാക്കി. നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ജി സുരേഷ്‌കുമാര്‍ മാത്രമാണ് പ്രതികരിക്കാനുള്ള തന്റേടം കാട്ടിയത്. മാന്യതയും കുലീനതയും കൈവിടാതെയാണ് പിണറായിയോട് അദ്ദേഹം പ്രതികരിച്ചത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനമായിരുന്നു പിണറായിയുടെ മാന്യതയില്ലാത്ത പെരുമാറ്റത്തിന്റെ വേദിയായത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡോ കേന്ദ്ര അവാര്‍ഡോ ഒരു പുരസ്‌കാരങ്ങളും ഇങ്ങനെ നല്‍കിയിട്ടില്ല. അയിത്തവും തീണ്ടലും തൊട്ടുകൂടായ്മയും നിലനിന്ന കാലത്തുപോലും ഒരു ഭരണാധികാരിയും ഇങ്ങനെ പ്രതികരിച്ചിട്ടില്ല. സംസ്ഥാന ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ജെ സി ഡാനിയേല്‍ പുരസ്‌കാരമടക്കം 120 പുരസ്‌കാരങ്ങളാണ് വിതരണം ചെയ്യേണ്ടിയിരുന്നത്. സാധാരണ ഏറ്റവും പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി നല്‍കിയശേഷം ബാക്കിയുള്ളവ യോഗാദ്ധ്യക്ഷനോ സാംസ്‌കാരിക മന്ത്രിയോ ചലച്ചിത്ര അക്കാദമി ചെയര്‍മാനോ ഒക്കെ വിതരണം ചെയ്യുകയാണ് പതിവ്. ഇക്കുറി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ എന്ന കമാലുദ്ദീന്‍ പതിവൊക്കെ തെറ്റിച്ചു. മൊത്തം പുരസ്‌കാരങ്ങളും മുഖ്യമന്ത്രിയെക്കൊണ്ടു തന്നെ വിതരണം ചെയ്താല്‍ തന്നോട് പെരുത്ത് ഇഷ്ടമാകുമെന്ന് അദ്ദേഹം കരുതി. പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങാന്‍ വന്ന നടീനടന്മാരെയും വിശിഷ്ടാതിഥികളെയും സാക്ഷ്യപ്പെടുത്തി പിണറായിതിരുമനസ്സ് പറഞ്ഞു, ‘അവാര്‍ഡുകള്‍ കൈയില്‍ കൊടുക്കാനാകില്ല. അവാര്‍ഡ് വാങ്ങുമ്പോള്‍ പോലും ഒരാളും മാസ്‌ക് താഴ്ത്തരുത്.’
ജെ സി ഡാനിയേല്‍ പുരസ്‌കാരം വിഖ്യാത സംവിധായകന്‍ കെ എസ് സേതുമാധവനായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ മുന്‍ ചീഫ് സെക്രട്ടറിയും മുന്‍ വൈസ്ചാന്‍സലറും ഗാനരചയിതാവും ഒക്കെയായ കെ ജയകുമാറാണ് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയത്. മുഖ്യമന്ത്രിയായില്ലെങ്കിലും പാണ്ഡിത്യത്തിലും പ്രതിഭയിലും ജനപ്രീതിയിലും മികച്ച ഭരണകര്‍ത്താവ് എന്ന നിലയിലും പിണറായിയേക്കാള്‍ എത്രയോ മുകളിലാണ് അദ്ദേഹം. അദ്ദേഹത്തിനു പോലും പുരസ്‌കാരം നേരിട്ടു നല്‍കാന്‍ പിണറായി തയ്യാറായില്ല. മുന്നിലെ മേശപ്പുറത്ത് ശില്പവും സാക്ഷ്യപത്രവും പുരസ്‌കാരത്തുക അടങ്ങിയ കവറും വെച്ചുകൊടുത്തിട്ട് എടുത്തുകൊണ്ടു പൊയ്‌ക്കോളാന്‍ പറയുകയായിരുന്നു. വളരെ പണ്ട് , കഴിഞ്ഞ നൂറ്റാണ്ടില്‍ അധ:സ്ഥിത സമുദായക്കാര്‍ക്ക് തമ്പുരാന്മാര്‍ ഓണക്കോടി കൊടുത്തിരുന്ന അതേ രീതിയിലാണ് സുല്‍ത്താന്‍ പിണറായി പുരസ്‌കാരങ്ങള്‍ നല്‍കിയത്. എണ്ണിയാലൊടുങ്ങാത്ത ഉപദേഷ്ടാക്കള്‍ ഉണ്ടായിട്ടും മാന്യമായി പെരുമാറാന്‍ പിണറായിയെ ഉപദേശിക്കാന്‍ ആളില്ല എന്നതാണ് പ്രശ്‌നം. ഉണ്ടായിരുന്നെങ്കില്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരവും മികച്ച ചിത്രം, മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍ എന്നിവ ഒഴികെ ബാക്കിയെല്ലാം വ്യത്യസ്തനാം ബാലനെയോ സുഡാപ്പി കമാലുദ്ദീനെയോ ഏല്‍പ്പിക്കാന്‍ ഉപദേശിച്ചേനെ. ഉപദേഷ്ടാക്കളൊക്കെ സ്വര്‍ണ്ണക്കടത്തിന്റെയും ഈന്തപ്പഴത്തിന്റെ കുരു കളഞ്ഞ് സ്വര്‍ണ്ണം കയറ്റുന്നതിനെ കുറിച്ചുമുള്ള തീവ്ര ആലോചനയിലായതിനാല്‍ ഇക്കാര്യമൊന്നും പരിഗണിക്കാന്‍ ആര്‍ക്കും നേരമില്ല.
മലയാള ചലച്ചിത്രമേഖല ഇതിനോട് എങ്ങനെ പ്രതികരിച്ചു എന്നതും നമ്മള്‍ കാണേണ്ടതാണ്. മുഖ്യമന്ത്രിയുടെ സ്ഥിരം ഉപദേഷ്ടാവും കൈരളി ചാനല്‍ ചെയര്‍മാനും ഇടതുപക്ഷ സഹയാത്രികനുമായ മമ്മുട്ടി മുതല്‍ ഒരു ചലച്ചിത്ര നടനും ഇതിനെക്കുറിച്ച് പ്രതികരിച്ചില്ല. ഈ കാട്ടിയത് മര്യാദകേടാണ് എന്നു പറയാനുള്ള തന്റേടം സാംസ്‌കാരിക നായകര്‍ എന്ന് സ്വയം അഭിമാനിക്കുകയും പറഞ്ഞുനടക്കുകയും ചെയ്യുന്ന ഒരു നടനും തിരക്കഥാകൃത്തിനും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ഉണ്ടായില്ല. ഏറാന്‍മൂളികളുടെയും സ്ഥാപിത താല്പര്യക്കാരുടെയും നട്ടെല്ലില്ലാത്ത കാപട്യക്കാരുടെയും ഒക്കെ താവളമായി സാംസ്‌ക്കാരിക മേഖല ്അധ:പതിച്ചിരിക്കുന്നു.
കൊറോണരോഗം പിടിക്കുമെന്ന ഭയത്തിലാണ് മുഖ്യന്‍ പുരസ്‌കാരദാനം നിര്‍വ്വഹിക്കാതിരുന്നത് എന്നാണ് അക്കാദമി അദ്ധ്യക്ഷന്‍ നല്‍കിയ ഭാഷ്യം. അങ്ങനെയാണെങ്കില്‍ ഈ പുരസ്‌കാരദാനം ഓണ്‍ലൈനില്‍ ആക്കിയശേഷം വീട്ടിലെത്തിച്ചാല്‍ പോരായിരുന്നോ? അതിനുള്ള അന്തസ്സെങ്കിലും അക്കാദമിക്ക് കാട്ടാമായിരുന്നു. ഇവിടെ അതിനേക്കാള്‍ ഗുരുതരമായ പ്രശ്‌നം മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിലെ മാറ്റവും മരണഭയവുമാണ്. മുഖ്യമന്ത്രിയുടെ കണ്ണുകളില്‍ ഭീതിയുടെ നിഴലുകള്‍ കാണുന്നു. അദ്ദേഹത്തിന്റെ ചലനങ്ങളിലും വാക്കുകളിലും മൃത്യുവിന്റെ ഭീതി നിഴലിക്കുന്നു. വാക്കുകള്‍ക്ക് പഴയ തന്റേടമില്ല. നുണയാണെങ്കില്‍ പോലും കഠിനവും പരുഷവുമായി പറയുന്ന പഴയ കണ്ണൂര്‍ സി പി എം ശൈലിയില്ല. പിണറായിയുടെ ചിന്തകളില്‍ മരണം സ്വാധീനിച്ചിരിക്കുന്നു. ആ മനസ്സിനെ മരവിപ്പിച്ചിരിക്കുന്നു. ചിന്തകളുടെ സിരാപടലങ്ങളെ മരണഭീതി കാര്‍ന്നു തിന്നുന്നു. അതുകൊണ്ടാണല്ലോ, കൊറോണ പിടിക്കും എന്ന ഭയത്തില്‍ പുരസ്‌കാരം നല്‍കാതെ മേശപ്പുറത്തു വെച്ച് പിന്നാക്കം മാറിനിന്നത്.
അദ്ദേഹത്തിന്റെ പഴയ പ്രസ്താവനകളാണ് ഓര്‍മ്മവരുന്നത്. ഊരിപ്പിടിച്ച വാളുകള്‍ക്കും കത്തികള്‍ക്കും ഇടയിലൂടെ ഞാന്‍ നടന്നുപോയിട്ടുണ്ട് എന്നു തുടങ്ങിയ പ്രസ്താവനകള്‍ സത്യമായിരുന്നെങ്കില്‍ ആ പിണറായിയെ നമുക്ക് നഷ്ടമായിരിക്കുന്നു. ഊരിപ്പിടിച്ച വാളുകള്‍ പോയിട്ട് കൊറോണ വന്നെങ്കിലോ എന്ന ഭയത്തില്‍ ഗ്ലൗസും മാസ്‌കും ഇട്ടിട്ടും അവാര്‍ഡ്ദാനം നടത്താന്‍ പോലും കെല്പും ധൈര്യവുമില്ലാത്ത ഈ പേടിത്തൂറിയാണോ ഇരട്ടച്ചങ്കന്‍! കഷ്ടം! നാണമാവില്ലേ ഇദ്ദേഹത്തെ ഇരട്ടച്ചങ്കന്‍ എന്നുവിളിക്കാന്‍. പഴയ വാടിക്കല്‍ രാമകൃഷ്ണന്‍ കേസ് ഇപ്പോള്‍ പിണറായിയുടെ മനസ്സില്‍ ഓടിയെത്തുന്നുണ്ടാകും. വാടിക്കല്‍ രാമകൃഷ്ണനെ കൊന്നതില്‍ പിണറായിക്ക് പങ്കുണ്ടെന്ന് അടുത്തിടെയാണ് ദൃക്‌സാക്ഷി പറഞ്ഞത്. അതടക്കം എത്രയെത്ര കൊടും ക്രൂരതകള്‍ക്ക് പിണറായി നേതൃത്വം നല്‍കിയിരുന്നു. ആ സി പി എം അക്രമങ്ങളില്‍ മരണം വരിച്ച ഓരോരുത്തരുടെയും മുഖം ഇപ്പോള്‍ മൃത്യുഭയം പൂണ്ട് പുരസ്‌കാരദാനത്തിന് ഒരുമ്പെടാതെ വേദിയുടെ പിന്നിലേക്ക് ജീവഭയത്തോടെ മാറിനിന്ന പിണറായിയുടെ മുഖത്തെ മരണഭീതി ചെയ്തുകൂട്ടിയ സ്വയംകൃതാനര്‍ത്ഥങ്ങളുടേതാണ്. ആ മനസ്സിന്റെ ക്രൂരതയില്‍ എരിഞ്ഞടങ്ങിയ പാവം ബലിദാനികളുടെ സ്വപ്‌നങ്ങളുടേതാണ്.
മുഖ്യമന്ത്രിസ്ഥാനം രാജാധികാരമല്ല. അത് സുല്‍ത്താന്‍ പദവിയുമല്ല. ഉടുമുണ്ട് ഇടത്തോട്ട് ഉടുത്ത് മുസ്ലീം കേന്ദ്രങ്ങളിലും വലത്തോട്ട് ഉടുത്ത് ഹിന്ദു കേന്ദ്രങ്ങളിലും പര്യടനം നടത്തുന്ന മാന്ത്രികനായ മാന്‍ഡ്രേക്കിന്റെ ഇന്ദ്രജാലങ്ങള്‍ക്ക് കാലം നല്‍കുന്ന തിരിച്ചടിയിലൂടെയാണ് ഇന്ന് പിണറായി കടന്നുപോകുന്നത്. സ്വന്തം കാര്‍, ഏറ്റവും മുന്തിയ കാര്‍ തന്നെ കേടായപ്പോള്‍ ഓട്ടോറിക്ഷ പിടിച്ച് ശ്രീപത്മനാഭനെ തൊഴുത് വന്ദിക്കാന്‍ പോയ ശ്രീ ചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്റെ പാദസ്പര്‍ശം ഏറ്റ മണ്ണാണ് ഇത്. വിനയാന്വിതനായല്ലാതെ അദ്ദേഹം ആരോടും പെരുമാറിയിട്ടില്ല. സഹസ്രകോടികളുടെ അധിപനായ പത്മനാഭന്റെ പാദങ്ങളില്‍ എല്ലാം സമര്‍പ്പിച്ച് തുളസിക്കതിരും ഒരു കൈക്കുടന്നയില്‍ ചന്ദനവുമായി ഇറങ്ങുന്ന ആ ലാളിത്യം ആവോളം നുകര്‍ന്നവരാണ് അനന്തപുരിവാസികള്‍. അവര്‍ക്കു മുന്നിലാണ് ഊരിപ്പിടിച്ച വാളിന്റെയും മറ്റും കോമാളിക്കഥകളുമായി മരണഭയത്തോടെ ഇടറിയ കാലും പതറിയ ശബ്ദവുമായി സുല്‍ത്താന്‍ ജാഡകളിറക്കുന്നത്. മതിയായി പ്രഭോ, അങ്ങയോട് കടക്ക് പുറത്ത് എന്നു പറയാനുള്ള മര്യാദകേട് മലയാളിക്കില്ല. പക്ഷേ, മതിയായിരിക്കുന്നു. എല്ലാം ശരിയാക്കും എന്നുപറഞ്ഞിട്ട് എത്ര ശരിയായി എന്ന് അങ്ങ് ആലോചിക്കണം. ഇപ്പോഴത്തെ ഭയത്തിനു പിന്നില്‍ ആ ചിന്തയും ഞങ്ങള്‍ അറിയുന്നു.
Comments