അബുദാബി: മലയാളം മിഷൻ അബുദാബി മേഖലയുടെ കീഴിൽ സൗജന്യമായി മലയാളം പഠിച്ചുവരുന്ന വിദ്യാർത്ഥികൾക്കായി ഓൺലൈൻ വഴി കണിക്കൊന്ന പഠനോത്സവം സംഘടിപ്പിച്ചു.
കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ, ബദാസായിദ് ലൈഫ് ലാബ് മ്യൂസിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇന്റർനാഷണൽ കൾച്ചറൽ സെന്റർ, മുസഫ, മദീന സായിദ്, ഇലക്ട്ര, ഹംദാൻ, ഖാലിദിയ തുടങ്ങിയ കേന്ദ്രങ്ങളിലായി സൗജന്യമായി മലയാളം പഠിച്ചുവരുന്ന വിദ്യാർത്ഥികൾക്കായാണ് പഠനോത്സവം സംഘടിപ്പിച്ചത്.
മലയാളം മിഷൻ അബുദാബിയുടെ ഇന്ന് വരെയുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും മികവാർന്ന പ്രകടനമായിരുന്നു പഠനോത്സവവുമായി ബന്ധപ്പെട്ട് കാഴ്ച വെക്കാൻ കഴിഞ്ഞത്.
മുൻ പരിചയമൊന്നുമില്ലാത്ത ഒരു മാതൃകയാണ് പഠനോത്സവത്തിനായി സ്വീകരിച്ചത്. ഏത് പരീക്ഷണങ്ങളേയും നമുക്ക് അതിജീവിക്കാൻ കഴിയും എന്നൊരു സന്ദേശവും ഈ പഠനോത്സവം പുറംലോകത്തിന് നൽകുന്നുണ്ട്.
ഇതിനായി രൂപീകരിച്ച ടെക്നിക്കൽ കമ്മിറ്റിയുടെയും വിദഗ്ധ സമിതിയുടെയും പഠനോത്സവം നടത്തുന്ന അധ്യാപകരുടെയും ആഴ്ചകൾ നീണ്ട പരിശ്രമങ്ങളുടെയും മലയാളം മിഷൻ അബുദാബി നിർവ്വാഹക സമിതിയുടെ സഹകരണത്തോടെയും കർണ്ണാടക ചാപ്റ്റർ പ്രതിനിധി ജിസോയുടെ സഹായത്തോടെയും മലയാളം മിഷൻ സംസ്ഥാന നേതൃത്വത്തിന്റെ നിതാന്ത ജാഗ്രതയിലുമാണ് പഠനോത്സവം സംഘടിപ്പിച്ചത്.
പഠനോത്സവ കേന്ദ്രങ്ങളിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ്, രജിസ്ട്രാർ എം. സേതുമാധവൻ, ഭാഷാധ്യാപകൻ ഡോ. എം ടി ശശി എന്നിവരുടെ സന്ദർശനം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവേശം പകരാൻ പര്യാപ്തമായിരുന്നു.
പഠനോത്സവത്തിന്റെ ഭാഗമായി മലയാളം മിഷൻ അധ്യാപകർ ഓൺലൈൻ വഴി അവതരിപ്പിച്ച വിവിധ പരിപാടികൾ പഠനോത്സവത്തിനു വർണ്ണപ്പകിട്ടേകി.
പഠനോത്സവത്തിനായി പേരുകൾ രജിസ്റ്റർ ചെയ്ത 177 വിദ്യാർത്ഥികളിൽ 176 പേരും പങ്കെടുത്തു എന്നത് മലയാളം മിഷൻ മുന്നോട്ട് വെച്ച ഈ പാഠ്യപദ്ധതിയോടുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്.
ഓൺലൈൻ വഴി എട്ടു സെന്ററുകളായി തരം തിരിച്ചു നടത്തിയ പഠനോത്സവം മൂന്നു മണിക്കൂർ നീണ്ടു നിന്നു.
ഗൂഗിൾ ക്ലാസ് റൂം, ഗൂഗിൾ മീറ്റ് എന്നീ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സംഘടിപ്പിച്ച പഠനോത്സവത്തിനു മലയാളം മിഷൻ അബുദാബി മേഖല കൺവീനർ വി. പി. കൃഷ്ണകുമാർ, കോർഡിനേറ്റര്മാരായ സഫറുള്ള പാലപ്പെട്ടി, ബിജിത് കുമാർ, ജോ. കൺവീനർ ജിനി സുജിൽ എന്നിവർ നേതൃത്വം നൽകി.
മലയാളം മിഷൻ അബുദാബി മേഖലയ്ക്ക് കീഴിൽ നിലവിൽ 47 സെന്ററുകളിലായി ആയിരത്തി അറുനൂറിലേറെ വിദ്യാർത്ഥികൾ 66 അധ്യാപകരുടെ കീഴിൽ മലയാള ഭാഷ സൗജന്യമായി പഠിച്ചുവരുന്നു.
Comments