തിരുവനന്തപുരം : പത്ത് ലോട്ടറി ടിക്കറ്റ് എടുത്ത് പത്ത് എണ്ണത്തിനും സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിഴിഞ്ഞം സ്വദേശിയായ സിറാജുദ്ദീനും കുടുംബവും. അതിൽ ഒരെണ്ണത്തിന് ഒന്നാം സമ്മാനവും. വിഴിഞ്ഞം പുല്ലൂർക്കോണം പ്ലാമൂട്ടുവിള വീട്ടിൽ സിറാജുദീനാണ് അപ്രതീക്ഷിതമായി 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം ലഭിച്ചത്.
ലോട്ടറി അടിയ്ക്കുമെന്ന പ്രതീക്ഷയോടെ എന്നും ടിക്കറ്റെടുക്കുന്ന ആളായിരുന്നു സിറാജുദ്ദീൻ. അതിന് മുടക്കം വരുത്താതെ തിങ്കളാഴ്ചയും സിറാജുദ്ദീൻ ലോട്ടറി ടിക്കറ്റെടുത്തു. വഴിയോരങ്ങളിൽ ടിക്കറ്റ് വിൽക്കുന്ന പൂങ്കുളം സ്വദേശിനി രാധയുടെ പക്കൽനിന്നാണ് ഇയാൾ കാരുണ്യ ലോട്ടറി എടുത്തത്. വിവിധ സീരിയൽ നമ്പറുകളുള്ള പത്ത് ടിക്കറ്റാണ് സിറാജുദ്ദീൻ എടുത്തത്.
വൈകീട്ട് മൂന്ന് മണിയ്ക്ക് ഫലം വന്നത് സിറാജുദ്ദീനെ നിരാശപ്പെടുത്തി. 5000 രൂപയ്ക്ക് താഴെയുള്ള ഒരു സമ്മാനവും ലഭിച്ചില്ല. നിരാശയോടെ ടിക്കറ്റ് കളയാനൊരുങ്ങിയപ്പോഴാണ് ലോട്ടറി ടിക്കറ്റ് നൽകിയ രാധ സമ്മാനം ലഭിച്ച കാര്യം അറിയിച്ചത്. ഒന്നാം സമ്മാനമായിരുന്നു സിറാജുദ്ദീന് ലഭിച്ചത്. ഇതിന്റെ കൂടെയുള്ള ഒൻപത് ടിക്കറ്റുകൾക്കും 8000 രൂപ വീതം സമ്മാനവും ലഭിച്ചു. ഈ പണം കൊണ്ട് ഒരു ചെറിയ വീട് പണിയണമെന്നാണ് സിറാജുദ്ദീന്റെ ആഗ്രഹം.
Comments