തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയുടെ പ്രകടന പത്രിക ഒരുങ്ങുന്നു. ശബരിമലയിലെ വിശ്വാസ സംരക്ഷണവും മതപരിവർത്തന നിരോധന നിയമവും ഉൾപ്പെടെയുള്ള വിഷയങ്ങൾക്കാണ് പ്രകടന പത്രികയിൽ മുൻഗണന ലഭിക്കുകയെന്നാണ് റിപ്പോർട്ട്. ഇതിനുള്ള നീക്കങ്ങൾ അണിയറയിൽ ആരംഭിച്ചുകഴിഞ്ഞു.
ശബരിമല രാഷ്ട്രീയമുക്തമാക്കുമെന്ന് ബിജെപി പ്രകടന പത്രികയിൽ ഉറപ്പ് നൽകും. പന്തളം കൊട്ടാരം, ക്ഷേത്രം തന്ത്രി, ഹിന്ദു സംഘടനകൾ, ഗുരു സ്വാമിമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയ്ക്ക് രൂപം നൽകുമെന്നും ശബരിമലയിൽ നിയമ നിർമ്മാണം നടത്തുമെന്നും പ്രകടന പത്രികയിൽ ബിജെപി ഉറപ്പ് നൽകുമെന്നാണ് സൂചന.
അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശ് നടപ്പിലാക്കിയ മതപരിവർത്തന നിരോധന നിയമത്തെ മാതൃകയാക്കി കേരളത്തിലും നിയമ നിർമ്മാണം നടത്താനാണ് ബിജെപിയുടെ തീരുമാനം. ഇക്കാര്യത്തിൽ ക്രൈസ്തവ സഭകളുടെ പിന്തുണ തേടും. മതപരിവർത്തനം നടത്തിയ ശേഷം വിവാഹം ചെയ്യുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നിയമ നിർമ്മാണം നടത്തുക. മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ കൺവീനറായുള്ള സമിതിയാണ് പ്രകടന പത്രിക തയ്യാറാക്കുന്നത്.
Comments