ന്യൂഡൽഹി: ടൂൾ കിറ്റ് കേസിൽ ദിഷ രവിയ്ക്ക് ജാമ്യം. ഡൽഹി അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒൻപത് ദിവസത്തിന് ശേഷമാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ.
ബംഗളൂരുവിൽ നിന്ന് ഫെബ്രുവരി 13നാണ് ഡൽഹി പോലീസിന്റെ സൈബർ വിഭാഗം ദിഷയെ അറസ്റ്റ് ചെയ്യുന്നത്. ഖാലിസ്താൻ അനുകൂല സംഘടനയായ പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ നിർമ്മിച്ച ടൂൾകിറ്റ് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിന് പങ്കുവച്ചത് ദിഷ രവിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ദിഷയെ തിങ്കളാഴ്ച ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ദിഷയെ വിശദമായി ചോദ്യം ചെയ്യാൻ അഞ്ച് ദിവസം കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്‌ട്രേറ്റ് പങ്ക് ശർമ്മ ഇത് അനുവദിച്ചില്ല. 3 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ദിഷയെ കോടതിയിൽ ഹാജരാക്കിയത്.
കേസിൽ പ്രതിപ്പട്ടികയിലുള്ള മലയാളി അഭിഭാഷക നികിത ജേക്കബ്, ശാന്തനു എന്നിവരെ പോലീസ് സൈബർ സെൽ ചോദ്യം ചെയ്തു. പോലീസ് ആവശ്യപ്പെട്ടപ്രകാരം ഡൽഹിയിൽ ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു. ഇരുവർക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
Comments