തിരുവനന്തപുരം : ക്രിമിനൽ സ്വഭാവമുള്ളവർ നിയമനിർമ്മാണസഭകളിൽ എത്താതിരിക്കാനുളള നിർണ്ണായക ചുവടുവെപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർത്ഥികളാക്കിയാൽ വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വിളിച്ച സർവ്വകക്ഷി യോഗത്തിലാണ് ഇക്കാര്യം നേതാക്കളെ അറിയിച്ചത്.
സ്ഥാനാർത്ഥിയെ എന്തുകൊണ്ട് മത്സരിപ്പിച്ചു എന്നതിന്റെ വിശദീകരണം രാഷ്ട്രീയ പാർട്ടി നൽകേണ്ടിവരും. സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളായാലും വിശദീകരണം നൽകണം. പുതിയ വ്യവസ്ഥപ്രകാരം ദേശീയ പാർട്ടികൾ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാന പാർട്ടികൾ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എന്നിവർക്കാണ് ക്രിമിനൽ കേസുകളുടെ വിവരം നൽകേണ്ടിവരിക. ഇതിൽ വീഴ്ച വരുത്തിയാൽ സുപ്രീം കോടതിയെ അറിയിക്കും.
സ്ഥാനാർത്ഥി പട്ടിക നൽകുമ്പോൾ തന്നെ ക്രിമിനൽ കേസുകളുടെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ നൽകണമെന്ന് നിലവിൽ വ്യവസ്ഥയുണ്ട്. ഇത് മൂന്നുതവണ അച്ചടി, ദൃശ്യമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തണം. ഇതിനുപുറമേയാണ് പുതിയ വ്യവസ്ഥ ബാധകമാക്കുന്നത്. സുപ്രീം കോടതി നിർദ്ദേശപ്രകാരമാണിത്.
Comments