അബുദാബി: മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരം അർപ്പിച്ചുകൊണ്ട് മലയാളം മിഷൻ ആഗോളതലത്തിൽ ഓൺലൈൻ വഴി സംഘടിപ്പിക്കുന്ന ‘സുഗതാഞ്ജലി കാവ്യാലാപനമത്സര’ത്തിന്റെ മുന്നോടിയായി മലയാളം മിഷൻ അബുദാബി – അൽഐൻ മേഖലകൾ സംയുക്തമായി സംഘടിപ്പിച്ച അന്തർമേഖല മത്സരത്തിൽ സീനിയർ വിഭാഗത്തിൽ അഞ്ജലി വെത്തൂരും ജൂനിയർ വിഭാഗത്തിൽ ലിയാന മുംതാസും ഒന്നാം സമ്മാനാർഹരായി.
ഭവൻസ് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന അഞ്ജലി അബുദാബി മലയാളി സമാജത്തിന്റെ കീഴിൽ നടന്നുവരുന്ന മലയാളം മിഷന്റെ സൂര്യകാന്തി വിദ്യാർത്ഥിനിയും, അൽ ഐൻ ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസുകാരിയായ ലിയാന അൽ ഐൻ ഇന്ത്യ സോഷ്യൽ സെന്ററിന്റെ കീഴിലെ മലയാളം മിഷന്റെ കണിക്കൊന്ന വിദ്യാർത്ഥിനിയുമാകുന്നു.
സീനിയർ വിഭാഗത്തിൽ ഗൗരി ജ്യോതിലാൽ (കേരള സോഷ്യൽ സെന്റർ), അരുന്ധതി ശിവകുമാർ (മദീന സായിദ്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ ജൂനിയർ വിഭാഗത്തിൽ മാളവിക മാടമ്പി(കേരള സോഷ്യൽ സെന്റർ) ക്കും നിരുപമ അരവിന്ദി(മുസഫ ഷാബിയ 09)നുമായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങൾ.
പത്ത് വയസ്സ് വരെയുള്ളവരെ ജൂനിയർ വിഭാഗവും അതിനു മുകളിൽ പതിനാറ് വയസ്സുവരെയുള്ളവരെ സീനിയർ വിഭാഗവുമായി വിഭജിച്ചാണ് മത്സരം സംഘടിപ്പിച്ചത്.
അബുദാബി അൽഐൻ മേഖലകൾക്ക് കീഴിൽ നടന്നുകൊണ്ടിരിക്കുന്ന മലയാളം മിഷന്റെ 55 സെന്ററുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 106 വിദ്യാർത്ഥികൾ പങ്കെടുത്ത മേഖലാതല മത്സരത്തിൽ വിജയികളായ 32 പേരാണ് അന്തർമേഖല മത്സരത്തിൽ മാറ്റുരച്ചത്. പ്രസ്തുത മത്സരത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനം നേടിയവർക്കായിരിക്കും ആഗോള തല മത്സരത്തിൽ പങ്കെടുക്കാനാവുക.
പ്രമുഖ കവികളും മാധ്യമപ്രവർത്തകരുമായ രാജേഷ് അത്തിക്കയം, സോണിയ ഷിനോയ്, വിനോദ് വെള്ളയാണി എന്നിവരായിരുന്നു വിധികർത്താക്കൾ.
മലയാളം മിഷൻ അബുദാബി കൺവീനർ വി. പി. കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന കാവ്യാലാപന മത്സരം പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ടാണ് ആരംഭിച്ചത്. അനുശോചന പ്രമേയം ജോ. കൺവീനർ ജിനി സുജിൽ അവതരിപ്പിച്ചു.
പ്രമുഖ കവിയും മാധ്യമപ്രവർത്തകനുമായ എൻ. പ്രഭാവർമ്മ മത്സരം ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് മുഖ്യാതിഥിയായിരുന്നു. മലയാളം മിഷൻ അബുദാബി മേഖല കോർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി, അൽ ദഫ്റ മേഖല കോർഡിനേറ്റർ പ്രേംഷാജ്, അൽ ഐൻ മേഖല കോർഡിനേറ്റർ റസിയ ഇഫ്തിഖർ എന്നിവർ സംസാരിച്ചു.
ചിത്രങ്ങൾ:
1) അഞ്ജലി വെത്തൂർ
(ഒന്നാം സ്ഥാനം – സീനിയർ)
2) ഗൗരി ജ്യോതിലാൽ
(രണ്ടാം സ്ഥാനം – സീനിയർ)
3) അരുന്ധതി ശിവകുമാർ
(മൂന്നാം സ്ഥാനം – സീനിയർ)
4) ലിയാന മുംതാസ്
(ഒന്നാം സ്ഥാനം – ജൂനിയർ)
5) മാളവിക മാടമ്പി
(രണ്ടാം സ്ഥാനം – ജൂനിയർ)
6) നിരുപമ അരവിന്ദ്
(മൂന്നാം സ്ഥാനം – ജൂനിയർ)
Comments