കണ്ണൂർ: പാനൂർ പൊയിലൂരിൽ ക്വാറിക്കെതിരെ സമരം ചെയ്യുന്ന നാട്ടുകാർക്കെതിരെ വീണ്ടും പോലീസ് അതിക്രമം. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പോലീസ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. നാട്ടുകാരുടെ എതിർപ്പ് മറികടന്ന് ക്വാറി പ്രവർത്തിക്കാൻ ശ്രമിച്ചത് തടഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പൊയിലൂരിലെ ക്വാറിക്കെതിരെ നാട്ടുകാർ സമരം നടത്തി വരികയാണ്. പോലീസ് സഹായത്തോടെ ഇന്ന് ക്വാറി തുറന്ന് പ്രവർത്തിപ്പിക്കാൻ സാമഗ്രികളുമായി ഉടമ എത്തിയപ്പോൾ നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തുകയും ക്വാറിയിലേക്കുള്ള വാഹനങ്ങൾ തടയുകയും ചെയ്തു. ഇതോടെ പോലീസ് സ്ത്രീകളടക്കമുള്ള ആളുകളെ ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചു. ഇതിനിടെ അതിക്രമം ചിത്രീകരിക്കാൻ ശ്രമിച്ച ഓൺലൈൻ മാദ്ധ്യമ പ്രവർത്തകയ്ക്കും സമരസമിതിയിലെ അംഗമായ ഒരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്.
പോലീസിനെതിരെ ശക്തമായ പ്രതിഷേധമുയർത്തിയ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റും സമര സമിതി നേതാവുമായ മനോജ് പൊയിലൂർ, അംഗങ്ങളായ ജിനീഷ്.എം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, ജനവാസ കേന്ദ്രത്തിൽ ക്വാറി പ്രവർത്തിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന നിലപാടിൽ നാട്ടുകാർ ഉറച്ചുനിൽക്കുകയാണ്.
Comments