ഇസ്ലാമാബാദ് :പാകിസ്താനിൽ ഭരണ പ്രതിസന്ധി നിലനിൽക്കേ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകീട്ട് ഏഴരയ്ക്കാണ് ഇമ്രാൻ ഖാൻ രാജ്യത്തെ അഭിസംബോധന ചെയ്യുക. ഇതിന് മുന്നോടിയായി സൈനിക മേധാവി, ഐഎസ്ഐ ഡയറക്ടർ ജനറൽ എന്നിവരുമായി ഇമ്രാൻഖാൻ കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം എന്തിനെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കാനൊരുങ്ങുന്നത് എന്നകാര്യം അധികൃതർ പുറത്തുവിട്ടിട്ടില്ല. പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് ഇമ്രാൻഖാൻ അഭിസംബോധന ചെയ്യാൻ ഒരുങ്ങുന്നത്. പ്രധാനമന്ത്രി ഔദ്യോഗികമായി തന്റെ രാജി പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട്.
സെനറ്റ് തെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹരീക്ക് ഇ ഇൻസാഫ് കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതേ തുടർന്നാണ് പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന ശക്തമായ ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് വന്നത്. തെഹ്രീക്ക് ഇ ഇൻസാഫ് സ്ഥാനാർത്ഥി ഡോ. അബ്ദുൾ ഹഫീസ് ഷെയ്ഖ് പാകിസ്താൻ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടതോടെയാണ് ഇമ്രാൻ സർക്കാർ പ്രതിസന്ധിയിലായത്.
Comments