ന്യൂയോർക്ക്: ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് അമേരിക്ക. ചൈനയിൽ നിന്നും വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ബന്ധം നിർണായകമാണെന്ന് അമേരിക്ക വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇടക്കാല ദേശീയ സുരക്ഷാ മാർഗനിർദ്ദേശത്തിലാണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ചൈനയെ എതിരാളിയെന്ന് വിശേഷിപ്പിച്ചാണ് അമേരിക്കയുടെ ഇടക്കാല ദേശീയ മാർഗനിർദ്ദേശ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. നിലവിൽ അന്താരാഷ്ട്ര തലത്തിൽ സൈനികമായും സാമ്പത്തികമായും വിവരസാങ്കേതിക രംഗത്തും വെല്ലുവിളി ഉയർത്താൻ കഴിയുന്ന രാജ്യമാണെന്നാണ് ചൈനയെ അമേരിക്ക വിശേഷിപ്പിച്ചിരിക്കുന്നത്. വികസ്വര രാജ്യങ്ങൾക്ക് വായ്പ നൽകി കൂടെ നിർത്തി കടക്കെണിയിൽപ്പെടുത്തുന്ന ചൈനയുടെ കുതന്ത്രത്തെയും അമേരിക്കയുടെ റിപ്പോർട്ടിൽ തുറന്നുകാട്ടുന്നുണ്ട്.
ചൈനയെ നേരിടാൻ ജനാധിപത്യ ശക്തികളുമായുള്ള സഹകരണം ആവശ്യമാണ്. അതിനാൽ ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കാനാണ് അമേരിക്കയുടെ തീരുമാനം. സഖ്യ രാഷ്ട്രങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും തീവ്രവാദ പ്രവർത്തനങ്ങളെ ശക്തമായി എതിർക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.
Comments