ഭുവനേശ്വർ: വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലേക്ക് പോകാനിറങ്ങിയ നവവധു കുഴഞ്ഞുവീണ് മരിച്ചു. നിർത്താതെ കരഞ്ഞതാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. അമിത സങ്കടം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഓഡീഷയിലെ സോനേപുർ സ്വദേശിനി ഗുപ്തേഷ്വരി സഹു എന്ന റോസിയാണ് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ദിവസമായിരുന്നു ബിസികേസൻ തെലഗാവ് സ്വദേശിയായ യുവാവുമായി റോസിയുടെ വിവാഹം കഴിഞ്ഞത്. കല്യാണത്തിന് ശേഷം ഭർതൃവീട്ടിലേക്ക് പോകുന്ന ചടങ്ങിൽ എല്ലാവരോടും യാത്ര ചോദിക്കവെ യുവതി നിർത്താതെ കരയുകയായിരുന്നു. കരഞ്ഞ് തളർന്ന യുവതി ഒടുവിൽ കുഴഞ്ഞു വീണു. യുവതിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപാണ് യുവതിയുടെ പിതാവ് മരണപ്പെടുന്നത്. അതിന് ശേഷം യുവതിയുടെ മാനസിക നില തകർന്ന അവസ്ഥയിലായിരുന്നു. അമ്മാവന്റെ കുടുംബവും ചില സാമൂഹിക പ്രവർത്തകരും ചേർന്നായിരുന്നു റോസിയുടെ കല്യാണം നടത്തിയത്. കർണാടകയിലും കഴിഞ്ഞ ദിവസം സമാനമായ രീതിയിലെ മരണം റിപ്പോർട്ട് ചെയ്തിരുന്നു.
Comments