സാവോ പോളോ : വ്യാജ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സൂപ്പർമാർക്കറ്റിൽ കവർച്ച നടത്തിയ പുരോഹിതൻ പിടിയിൽ. എലീസിയ മൊറീറ എന്ന കത്തോലിക്കാ പുരോഹിതനാണ് തോക്ക് ചൂണ്ടി കവർച്ച നടത്തിയത്. ബ്രസീലിലാണ് സംഭവം. ഇയാൾ കവർച്ച നടത്തുന്ന വീഡിയോയും സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങിയ ശേഷം ക്യാഷ് കൗണ്ടറിൽ ചെന്ന പുരോഹിതൻ യുവതിയ്ക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ഭയന്നുപോയ യുവതി അവിടെയുണ്ടായിരുന്ന പണം മുഴുവൻ ഇയാൾക്ക് നൽകി. തുടർന്ന് പുരോഹിതൻ സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങളുമായി ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം.
സംഭവത്തിന് ശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇത്തരത്തിൽ വ്യാജ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഇതിന് മുൻപും ഇയാൾ കവർച്ച നടത്തിയിട്ടുണ്ട്.
ചോദ്യം ചെയ്തതിൽ നിന്നും പ്രതിയ്ക്ക് മാനസിക പ്രശ്നമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയ്ക്ക് മാനസികപ്രശ്നമുണ്ടെന്നും രണ്ടാഴ്ച തുടർച്ചയായി മരുന്ന് കഴിക്കാത്തതു കാരണമാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. നിലവിൽ പ്രതിയെ തടങ്കലിൽ വെച്ചിരിക്കുകയാണ്. വൈദിക പട്ടം ലഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതി കവർച്ച നടത്തിയത്.
Comments