തിരുവനന്തപുരം പി ജയരാജന് പിന്നാലെ തനിക്ക് പിന്തുണ നൽകിയവരെ തള്ളി തോമസ് ഐസക്കും. തന്നെ മന്ത്രിയോ സ്ഥാനാർത്ഥിയോ ആക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. പാർട്ടിയിലെ ചുമതല തീരുമാനിക്കുന്നത് പാർട്ടി ഘടകങ്ങളാണെന്നും അത് മറ്റാരും ഏറ്റെടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.
തുടർ ഭരണത്തിൽ നഞ്ചു കലക്കുന്ന ഒരു പ്രവർത്തനവും പ്രതികരണവും പാർട്ടി അംഗങ്ങളുടെയും സാഖാക്കളുടെയും ഭാഗത്ത് നിന്നും ഉണ്ടാകരുത്. പാർട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം. ആലപ്പുഴയിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് എന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ചിലർ പാർട്ടിയ്ക്കെതിരെ വിമർശനം ഉയർത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതെല്ലാം പാർട്ടി വിരുദ്ധമാണ്.
മത്സരിക്കണമെന്ന് പാർട്ടി തീരുമാനിച്ചാൽ മത്സരിക്കും. മറ്റു ചുമതലകൾ നിശ്ചയിച്ചാൽ അത് അനുസരിക്കും. ഏതു പാർട്ടി അംഗത്തെയും പോലെ എനിക്കും ബാധകമാണ് ഈ തത്വം. പാർട്ടിയിലെ എന്റെ ചുമതല തീരുമാനിക്കാൻ ഘടകങ്ങളുണ്ട്. അവിടെ തീരുമാനിക്കും. ആ ചുമതലയൊന്നും മറ്റാരും ഏറ്റെടുക്കേണ്ടതില്ല. തന്റെ പേരും ചിത്രവും പാർട്ടി വിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കരുത് എന്ന് ശക്തമായിത്തന്നെ താക്കീതു ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments