ന്യൂഡൽഹി: കൊറോണ രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ എട്ടു സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. വാക്സിനേഷൻ വേഗത്തിലാക്കാനും സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് ടെസ്റ്റ്-ട്രാക്ക് ട്രീറ്റ് എന്ന സമീപനം ശക്തമായി പിന്തുടരണമെന്നാണ് നിർദ്ദേശം.
ഹരിയാന, ആന്ധ്രാപ്രദേശ്, ഒഡീഷ ,ഗോവ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ചണ്ഡിഗഡ് എന്നിവിടങ്ങളിലാണ് രോഗ വ്യാപനം കൂടുതലുള്ളത്. ഈ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ, നീതി ആയോഗ് അംഗം വിനോദ് പോൾ എന്നിവർ ചർച്ച നടത്തി.
കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്ത ജില്ലകളിൽ മുൻഗണനാ വിഭാഗങ്ങൾക്ക് വാക്സിനേഷൻ തോത് വർധിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആർടിപിസിആർ പരിശോധനകൾ ജില്ലാ അടിസ്ഥാനത്തിൽ വർധിപ്പിക്കണം. നിരീക്ഷണം ശക്തിപ്പെടുത്തുകയും കണ്ടെയ്ൻമെന്റ് സോൺ ഏർപ്പെടുത്തുകയും വേണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
Comments