കൊൽക്കത്ത: ബംഗാൾ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനമായി 13 സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. ആദ്യരണ്ട് ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഒരു വനിത മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചത്.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി ചുമതലയുളള മുകുൾ വാസ്നിക് ആണ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് സമിതി വെള്ളിയാഴ്ച യോഗം ചേർന്നാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. പുരുലിയ, ഭഗബൻപൂർ, ഭാഗ്മുണ്ഡി, ബൽറാംപൂർ, ഖാരഗ്പൂർ, മൊയ്ന, ബിഷ്ണുപൂർ, സബാങ് തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
ഇന്ദ്രാണിൽ റാവത്, മാണിക് ഭൗമിക്, ഉത്തം ബാനർജി, നേപ്പാൾ മഹാതോ, ദേബു ചാറ്റർജി, സുഖ്ദേബ് ബേര തുടങ്ങിയവർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ബങ്കൂരയിൽ മത്സരിക്കുന്ന രാധാ റാണി ബാനർജിയാണ് ആദ്യ പട്ടികയിലെ ഏക വനിതാ മുഖം. ബിജെപിക്കെതിരെ ഇടതുപാർട്ടികളുമായി സഖ്യം ചേർന്നാണ് ബംഗാളിൽ കോൺഗ്രസ് മത്സരിക്കുന്നത്. ബിജെപിക്ക് ഒപ്പം മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ഇക്കുറി ഇവരുടെ എതിരാളികളാണ്.
കഴിഞ്ഞ ദിവസം 291 സ്ഥാനാർത്ഥികളുടെ പട്ടിക തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. ബിജെപിയും ആദ്യഘട്ടമായി 57 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ മാസം 27 നാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏപ്രിൽ ഒന്നിനാണ് രണ്ടാം ഘട്ടം. എട്ട് ഘട്ടങ്ങളിലായി പൂർത്തിയാകുന്ന വോട്ടെടുപ്പിന്റെ ഫലം മെയ് രണ്ടിന് അറിയാം.
Comments