ഏറ്റവും സ്പീഡിൽ ഓടി റെക്കോഡിടുന്ന ഒരു കാർ. ഓടിച്ചവർ കുറച്ച് സമയത്തിനു ശേഷം പുറത്തിറങ്ങി കാർ തിന്നു തീർക്കുന്നു. എങ്ങനെയുണ്ടാവും ? ഇത്തരം നിരവധി അത്ഭുതങ്ങളാണ് ലോക ഗിന്നസ് റെക്കോഡിൽ ഇടം നേടുന്നത്. തിന്നാൻ കഴിയുന്ന ഏറ്റവും വേഗത്തിലോടുന്ന കാർ എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് മൈക്ക് എൽഡർ എന്ന കേക്ക് നിർമ്മാതാവ്. എൽഡർ നിർമ്മിച്ച കാർ മണിക്കൂറിൽ 27.48 കിലോമീറ്റർ വേഗതയിലാണ് ഓടിയെത്തിയത്.
വേഗത്തിൽ ഓടിയെന്ന് മാത്രമല്ല എറ്റവും ദൂരം ഓടാനും ഈ വെള്ള കേക്ക് കാറിനു സാധിച്ചിട്ടുണ്ട്. അലൂമിനിയം ചട്ടക്കൂടിലാണ് കാർ നിർമ്മിച്ചത്. 90 ശതമാനവും കഴിക്കാൻ കഴിയുന്ന രീതിയിലാണ് കാറിന്റെ രൂപകൽപ്പന. 139 വാനില ഷീറ്റ് കേക്കുകളും ബട്ടർക്രീമും നിർമ്മാണത്തിനുപയോഗിച്ചു. മത്സരത്തിൽ ഒരു കേക്ക് കാറു കൂടി പങ്കെടുത്തിരുന്നു. കറുത്ത നിറമുള്ള കേക്ക് കാറായിരുന്നു അത്. 145 ചോക്കലേറ്റ് ഷീറ്റുകളും ബട്ടർക്രീമുമാണ് കറുത്ത കാറിനുപയോഗിച്ചത്. 9 പേരുടെ 46 മണിക്കൂർ നീണ്ട പ്രയത്നത്തിലൂടെയാണ് രണ്ടു കാറുകളും നിർമ്മിച്ചത്.
പ്രശസ്ത കാറോട്ടക്കാരനായ മൈക്കൽ ആന്ദ്രേറ്റിയാണ് വെള്ളക്കാർ ഓടിച്ചത്. മത്സരത്തിൽ വെള്ളക്കാർ തന്നെ വിജയിക്കുകയും ചെയ്തു. എറ്റവും കൂടുതൽ ഓടിയതും എറ്റവും വേഗത്തിൽ ഓടിയതും വെള്ളക്കാർ തന്നെ. വിജയത്തിനു ശേഷം കേക്ക് കാർ കഷണങ്ങളാക്കി വിതരണം ചെയ്തു.
Comments