ധാക്ക : ഗാന്ധി സമാധാന പുരസ്കാരം ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് മുജീബുർ റഹ്മാന് നൽകിയ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പുരസ്കാരം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ദൃഢബന്ധത്തിനുള്ള ആദരവാണെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗാന്ധി സമാധാന പുരസ്കാരം മുജീബുർ റഹ്മാന് നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഇരു രാജ്യങ്ങളും ചേർന്ന് ബംഗ്ലാദേശിന്റെ 50ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് മുജീബുർ റഹ്മാന് ആദര സൂചകമായി ഇന്ത്യ പുരസ്കാരം സമ്മാനിച്ചത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢ ബന്ധത്തിന് ലഭിച്ച ആദരവും അംഗീകാരവുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ബംഗ്ലാദേശിന്റെ 50ാം സ്വാതന്ത്ര്യ ദിനത്തിൽ പുരസ്കാരത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പരിഷ്കരണങ്ങളിലൂടെ ബംഗ്ലാദേശ് വികസിത രാജ്യമായി മാറുകയാണ്. ഈ വിശിഷ്ട വേളയിൽ ബാപ്പുജിയ്ക്കും, ബാംഗബന്ദുവിനും ആദരവർപ്പിക്കുന്നു. ഇവരുടെ ആശയങ്ങൾക്ക് സമകാലിക ലോകത്ത് വലിയ പ്രധാന്യമാണ് ഉള്ളതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേർത്തു.
Comments