കരടിയെ കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ പട്ടാളക്കാരനായ കരടി എന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കും ഒരു കൗതുകം തോന്നാം. എന്നാല്‍ വോയ്ടെക് എന്ന കരടിയെ കുറിച്ച് അറിയുമ്പോള്‍ അതില്ലാകാകും. സൈനികര്‍ക്കൊപ്പം കൂടി അവസാനം സൈനികനായി മാറിയ കരടി. 1940 ന്റെ തുടക്കത്തിലാണ് വോയ്ടെക് സൈനികര്‍ക്കൊപ്പം കൂടുന്നത്. വേട്ടക്കാരുടെ വെടിയേറ്റ് അമ്മ കൊല്ലപ്പെട്ടപ്പോള്‍ കുഞ്ഞു കരടി തനിച്ചായി. ഹമദാന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പോളിഷ് സൈനികര്ക്കരികലേക്ക് ആ കരടിക്കുഞ്ഞ് വന്നു. അവര്‍ അതിനെ പരിപാലിക്കുകയും കുപ്പിയില്‍ പാലു നല്‍കുകയും ചെയ്തു. അതോടെ കരടികുഞ്ഞ് മടങ്ങി പോകാതെ അവരോട് ഒപ്പം നിന്നു. പോളിഷ് സൈനികര്‍ അതിനെ കൂടെക്കൂട്ടി.
വോയ്ടെക് എന്ന് പേരും നല്കി. സന്തോഷവാനായ പോരാളി എന്നാണ് വോയ്ടെക് എന്ന വാക്കിനര്‍ത്ഥം. വളരെ പെട്ടന്നു തന്നെ സൈനികരുടെ പ്രിയപ്പെട്ടവനായി മാറി വോയ്ടെക്. കുഞ്ഞുകരടിയ്ക്ക് കൃത്യമായ സംരക്ഷണവും അവര്‍ നല്കി. വളര്‍ച്ചയുടെ ഘട്ടങ്ങളിലെല്ലാം അവന് സൈനികരുടെ കൂടെ ഉണ്ടായിരുന്നതു കൊണ്ടാവാം അവന്റെ ശീലങ്ങളില്‍ പലതും സൈനികരുടേയതിന് സമാനമായിരുന്നു. സൈനികരുമായി ഗുസ്തി പിടിയ്ക്കും, ഇടയ്ക്കൊക്കെ സിഗരറ്റ് വലിക്കും. ചിലപ്പോള്‍ ബിയര്‍ വരെ കുടിയ്ക്കും. വൈകുന്നേരങ്ങളിലെ ക്യാമ്പ് ഫയറുകളില്‍ പോലും സൈനികര്‍ക്കൊപ്പം കൂടി വോയ്ടെക്.
എന്നാല്‍ പോളിഷ് സൈന്യം ബ്രിട്ടീഷ് ആര്‍മിയുമായി ചേര്‍ന്നതോടെ വോയ്ടെകിന്റെ കാര്യം പരുങ്ങലിലായി. കാരണം ബ്രിട്ടീഷ് ആര്‍മിയില്‍ മൃഗങ്ങള്‍ക്ക് പ്രവേശനമില്ല. അതോടെ പോളിഷ് ആര്‍മി വോയ്ടെക്കിനെ സൈനിക വിഭാഗത്തിലേക്ക് ഔദ്യോഗികമായി ഉള്‍പ്പെടുത്തി. പ്രൈവറ്റ് റാങ്കിലായിരുന്നു അന്ന് വോയ്ടെക്ക്. അതോടെ പൂര്‍ണമായും വോയ്ടെക്ക് സൈനികനായി. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ വോയ്ടെക്ക് അടങ്ങുന്ന യൂണിറ്റ് സൈന്യത്തില്‍ നിന്നും പുറത്താക്കപ്പെട്ടു. പിന്നീട് എഡിന്‍ബര്‍ഗ് മൃഗശാലയിലായിരുന്നു വോയ്ടെക്ക് എന്ന കരടിയുടെ വാസം. 23-ാം വയസ്സില്‍ അവിടെ വെച്ചു തന്നെ പട്ടാളക്കാരനായ കരടി മരിച്ചു.
Comments