തിരുവനന്തപുരം: ശബരിമല വിഷയത്തിൽ തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാട് അത്ഭുതപ്പെടുത്തിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജാതിമത ചിന്തകൾക്ക് അതീതമാണ് ശബരിമല. ഈ വിഷയത്തിലുള്ള സർക്കാരിന്റെ യു ടേൺ തെരഞ്ഞെടുപ്പിനെ ഭയന്നാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
ആചാര സംരക്ഷണത്തിനൊപ്പം നിന്ന എൻഎസ്എസിനെ പോലും വിമർശിച്ചവരാണ് സർക്കാരെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സത്യവാങ്മൂലം പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോൾ നിഷേധാത്മക മറുപടിയാണ് സർക്കാർ നൽകിയത്. ശബരിമല വിഷയത്തിൽ സർക്കാരിന്റെ യുടേൺ ജനങ്ങളെ ഭയന്നാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും കേരളത്തിലെ ഒരു വിശ്വാസിയും മുഖ്യമന്ത്രിയെ വിശ്വസിക്കില്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ശക്തമായ നിലപാട് കോടതിയിൽ എടുത്തു. വിധിയെ സ്വാഗതം ചെയ്തു. സുപ്രീം കോടതി വിധി നടപ്പാക്കാൻ ബാദ്ധ്യത സർക്കാരിന് ഉണ്ടെന്ന് പറഞ്ഞു. വീടുകളിൽ ചെന്ന് സ്ത്രീകളെ കൂട്ടിക്കൊണ്ട് ശബരിമലയിൽ കയറ്റി. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് വനിതാ മതിൽ കെട്ടി അതിനുള്ള ശ്രങ്ങൾ നടത്തിയിട്ട് തെരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു നിലപാട് സ്വീകരിച്ചത് അത്ഭുതപ്പെടുത്തിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
Comments