ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയ്ക്കൊരുങ്ങി ഇന്ത്യയും ചൈനയും. വെള്ളിയാഴ്ച ഇരു രാജ്യങ്ങളും സൈനിക തല ചർച്ച നടത്തും. ലഡാക്കിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള 11ാം വട്ട ചർച്ചയാണ് നടക്കുന്നത്.
കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന മേഖലകളായ ഹോട്ട് സ്പ്രിംഗ്സ്, ദോഗ്ര, ദെസ്പാഞ്ച് സമതലം എന്നിവിടങ്ങളിൽ ഇപ്പോഴും സൈനികരുടെ സാന്നിദ്ധ്യമുണ്ട്. ഇവിടെ നിന്നുമുള്ള സൈനിക പിന്മാറ്റമാകും 11ാം വട്ട സൈനിക തല കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയം. ചർച്ചയിൽ ബാക്കിയുള്ള മേഖലകളിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും അന്തിമ ധാരണയിലെത്തുമെന്നും സൂചനയുണ്ട്. ലഡാക്കിൽ പൂർണ്ണമായും സമാധാനം ഉറപ്പാക്കാൻ ഇന്ത്യയും, ചൈനയും വീണ്ടും ചർച്ച നടത്തുമെന്ന സൂചനകൾ കഴിഞ്ഞദിവസം കേന്ദ്ര വിദേശകാര്യ വക്താവ് പുറത്തുവിട്ടിരുന്നു.
പാംഗോംഗ് സോയിലെ സൈനിക പിന്മാറ്റമായിരുന്നു 10ാം വട്ട ഇന്ത്യ- ചൈന ചർച്ചയിലെ പ്രധാന വിഷയം. ധാരണ പ്രകാരം പാംഗോംഗ് തടാക മേഖയിലെ സൈനിക പിന്മാറ്റം നിലവിൽ പൂർത്തിയായിട്ടുണ്ട്.
Comments