കണ്ണൂർ: മൻസൂർ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിലിനാണ് അന്വേഷണ ചുമതല. അന്വേഷണ സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും. 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോയാണ് ഇക്കാര്യം അറിയിച്ചത്. എത്രയും വേഗം പ്രതികളെ കണ്ടുപിടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മൻസൂർ വധത്തിൽ 11 പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. 11 പേരിൽ ഏഴ് പേരും പ്രദേശവാസികളാണ്. കൊലപാതകത്തിന് ശേഷം വിലാപയാത്രയ്ക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളും പോലീസ് അന്വേഷിക്കും. അറസ്റ്റിലായ സിപിഎം പ്രവർത്തകൻ ഷിനോസിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായും പോലീസ് പറഞ്ഞു.
പ്രദേശത്ത് നിന്ന് കിട്ടിയ വാൾ ഉപയോഗിച്ചല്ല വെട്ടിയതെന്നും ഇത് അക്രമിയുടെ കയ്യിൽ നിന്നും വീണ് പോയ ആയുധമാണെന്നും പോലീസ് പറയുന്നു. വോട്ടെടുപ്പിന് ശേഷം രാത്രി 8 മണിയോടെയാണ് മൻസൂറിനും സഹോദരനും നേരെ ആക്രമണമുണ്ടായത്. സഹോദരൻ മുഹ്സിനെ ആക്രമിക്കുന്നത് ചോദ്യം ചെയ്യാൻ എത്തിയപ്പോഴാണ് മൻസൂറിന് വെട്ടേറ്റത്.
Comments