തിരുവനന്തപുരം : സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, എന്നീ ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഇതേ തുടർന്ന് തിങ്കളാഴ്ച ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മീല്ലീമീറ്റർ വരെ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഞായറാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
Comments