മുംബൈ: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്ര. ജനങ്ങൾ കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന് ആനന്ദ് മഹീന്ദ്ര പറയുന്നു. കൊറോണ പ്രോട്ടോക്കോൾ പാലിക്കാത്തത് രോഗവ്യാപനം കൂട്ടാൻ ഇടയാക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഉപഭോക്താക്കൾക്കായി ഗ്ലാസ് ഷീൽഡ് ഉപയോഗിച്ച് വേർതിരിച്ച കൗണ്ടറിലേക്ക് ഗ്ലാസ് ഷീൽഡിനുള്ളിലെ ചെറിയ ദ്വാരത്തിലൂടെ നിയന്ത്രണം തെറ്റിച്ച് തലയിടുന്ന ഒരു യുവാവിന്റെ ചിത്രത്തോടൊപ്പമാണ് അദ്ദേഹം ട്വിറ്ററിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. എതിർ വശത്തേക്ക് തലയിട്ടു നിൽക്കുന്ന യുവാവ് മാസ്ക് ധരിച്ചിട്ടില്ല. ആളുകൾ സുരക്ഷാ മനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്നത് പ്രകടമാണെന്ന് ചിത്രത്തിനൊപ്പം ആനന്ദ് മഹീന്ദ്ര കുറിച്ചു.
എല്ലാവരും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് ആനന്ദ് മഹീന്ദ്ര ആവശ്യപ്പെട്ടു. ഏകദേശം 9950ൽ അധികം പേർ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിനെ പിന്തുണച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്തതിന് ശേഷം 850 ലധികം ഉപയോക്താക്കളാണ് പോസ്റ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. ആനന്ദ് മഹീന്ദ്രയുടെ അഭിപ്രായത്തോട് യോജിക്കുന്നു എന്ന കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
Comments