അടുക്കളയില്‍ കയറാനും പാചകം ചെയ്യാനും എല്ലാം കുട്ടികള്‍ക്ക് വളരെ ഇഷ്ടമാണ്. അത്തരത്തില്‍ കേക്ക് ഉണ്ടാക്കാന്‍ ശ്രമിച്ച് അതില്‍ പാളിച്ച പറ്റിയ ഒരു കൊച്ചു കുറുമ്പന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
ആറ് സെക്കന്‍ഡ് മാത്രമേ ഈ വീഡിയോയ്ക്ക് ദൈര്‍ഘ്യമുള്ളൂ. എങ്കിലും ഈ സമയത്തില്‍ കുട്ടിക്ക് സംഭവിച്ച ഒരു കൈയ്യബദ്ധം വീഡിയോ കണ്ട കൂടുതല്‍ ആളുകളെയും നിരാശപ്പെടുത്തി. ഷെഫിനെ വേഷവും തൊപ്പിയുമൊക്കെ ധരിച്ചു വളരെ മിടുക്കനായാണ് വീഡിയോയ്ക്കു വേണ്ടി മൂന്നു വയസു മാത്രമുളള ഇലിറിയന് എന്ന കുട്ടി ഷെഫ് തയ്യാറായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്.
എന്നാല്‍ വീഡിയോ ആരംഭിച്ചതോടെ കേക്ക് തയ്യാറാക്കുന്നതിനുളള മൈദ പാത്രത്തിലേക്ക് എടുക്കണം. ഇതിനായി മൈദ അളവ് പാത്രത്തിലേയ്ക്ക് എടുത്ത് സ്റ്റൈലിഷായി പാത്രത്തിലേക്ക് ഇടുമ്പോഴാണ് അപ്രതീക്ഷിതമായി അബദ്ധം സംഭവിച്ചത്. മൈദ പാത്രത്തിലേക്ക് വീഴുന്നതിന് പകരം കുട്ടിയുടെ മുഖത്താണ് വീണത്. പൊടി നേരെ കണ്ണില്‍ പതിച്ചതിന്റെ അസ്വസ്ഥത കുട്ടി പ്രകടിപ്പിക്കുന്നതു വീഡിയോയില്‍ കാണാം. സംഭവം നടന്നപ്പോള്‍ അടുത്തുതന്നെ ഉണ്ടായിരുന്ന കുട്ടിയുടെ അമ്മ അവനെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് മാറ്റി മുഖത്തു നിന്ന് പൊടികളയാനായി കൂട്ടി കൊണ്ടു പോയി.
വീഡിയോ കണ്ട ഭൂരിഭാഗം ആളുകളും വിഷമത്തോടെയാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഇത്രയധികം പൊടി ഒന്നിച്ച് കണ്ണില്‍ പതിച്ചാല്‍ അത് എത്രമാത്രം വേദനിക്കുമെന്ന് ചിന്തിക്കാന്‍ കഴിയുന്നില്ലെന്നാണ് പലരും കമന്റ് കുറിച്ചിരിക്കുന്നത്. ഒരു മൂന്ന് വയസുകാരനെ ഇത്തരം കാര്യങ്ങള്‍ ചെയ്യിക്കുന്നതിന് മുമ്പ് കൃത്യമായ പരിശീലനം നല്‍കണം എന്ന് പറയുന്നവരും കമന്റ് ബോക്സില്‍ ഉണ്ട്. ഇതിനോടകം തന്നെ അറ് ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ കണ്ടു കഴിഞ്ഞത്. ടിക് ടോക് താരമായ ഇലിറിയന് നാല് മില്യണ്‍ ഫോളോവേഴ്സാണ് ഇതിനുള്ളത്.
Comments