പോലീസിന്റെ സേവനങ്ങള്‍ മൊബൈല്‍ വഴി ലഭ്യമാക്കുന്ന ‘പോല്‍-ആപ്പി’ന്റെ പ്രചാരണത്തിനായി മാസ് വീഡിയോ പുറത്തിറക്കി കേരള പോലീസ്. വീഡിയോയുടെ ആശയം സിമ്പിള്‍ ആണെങ്കിലും അത് ചിത്രീകരിച്ചിരിക്കുന്ന രീതി കുറച്ച് ഓവറായി പോയി എന്നാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയവര്‍ പറയുന്നത്. ആക്രമികള്‍ ഒരു ചെറുപ്പക്കാരനെ വെടിവച്ച് കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കൃത്യമായി തന്നെ ആ സമയത്ത് ബുള്ളറ്റില്‍ പറന്നെത്തി അയാളെ രക്ഷിക്കുന്ന പോലീസ് ഓഫീസറെയാണ് വീഡിയോയില്‍ കാണുന്നത്.
കണ്ടവര്‍ക്ക് ഒരു സംശയം രക്ഷിക്കുന്ന രീതി കുറച്ച് ഓവറായോന്നാണ്. അവരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം പാഞ്ഞു വരുന്ന വെടിയുണ്ട കൈവിരലുകള്‍ കൊണ്ട് പിടിച്ചെടുത്ത് അക്രമികളില്‍ നിന്നും ചെറുപ്പക്കാരനെ പോലീസുകാരന് രക്ഷിക്കുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഇതിലും ഭേദം തെലുങ്ക് സിനിമ കാണുന്നതായിരുന്നു എന്നായിരുന്നു കമന്റുകള്‍. അവര്‍ പറഞ്ഞതിലും തെറ്റ് പറയാന്‍ പറ്റില്ല.
കാരണം രജനീകാന്ത് സിനിമകളിലെ സീനുകളെ തോല്‍പ്പിക്കുന്ന തരത്തിലാണ് ഒരു മിനിട്ട് അന്‍പത്തി രണ്ട് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോയിലെ ചില ഷോട്ടുകള്‍. വീഡിയോയില്‍ ഇടയ്ക്കിടെ ‘പോലീസ് പോലീസ്’ എന്ന് തുടങ്ങുന്ന ബിജിഎമ്മും കേള്‍ക്കുന്നുണ്ട്. ഏതായാലും ‘അല്‍പ്പം ഓവറായാലേ ആള്ക്കാര് ശ്രദ്ധിക്കൂ’ എന്ന ‘സിഐഡി മൂസ’യിലെ ഡയലോഗിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് പോലീസിന്റെ ഈ പുതിയ വീഡിയോ. നേരത്തെ ബൈക്കില്‍ ‘ട്രിപ്പിള്‍സ്’ അടിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ആളെ പിടി കൂടുന്ന വീഡിയോ കേരളാ പോലീസ് അവരുടെ ഫേസ്ബുക്ക് പേജ് പങ്കുവച്ചത് വൈറലായിരുന്നു.
Comments