‘ബ്ലൂ കോറല്‍’ ഇത് കൊലയാളികളിലെ കൊലയാളി തന്നെ സംശയമില്ല… കാരണം ലോകത്തിലെ തന്നെ ഏറ്റവും മാരകമായ വിഷപ്പാമ്പുകളിലൊന്നാണ് ബ്ലൂ കോറല്‍. തലയിലും, വാലറ്റത്തും കടുത്ത ചുവപ്പു നിറവും, ദേഹം മുഴുവന്‍ നീല നിറവുമുള്ള ബ്ലൂ കോറലിന്റെ വിഷത്തിന്റെ കാഠിന്യം മൂലം കൊലയാളികളിലെ കൊലയാളിയെന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. ഇവയുടെ വിഷം ശരീരത്തില്‍ അതിവേഗം സഞ്ചരിക്കുന്നു. മറ്റു പാമ്പുകളുടെ വിഷത്തിന് വിപരീതമായാണ് കോറല്‍ പാമ്പിന്റെ വിഷം പ്രവര്‍ത്തിക്കുന്നത്. സാധാരണ പാമ്പിന് വിഷം ഇരയുടെ രക്തത്തില്‍ കലരാനും പ്രവര്‍ത്തിക്കാനും കുറച്ച് സമയം എടുക്കും.
എന്നാല്‍ അതിവേഗമാണ് ബ്ലൂ കോറലിന്റെ വിഷം പ്രവര്‍ത്തിക്കുന്നത്. ഇവ പലപ്പോഴും ഭക്ഷണമാക്കുന്നത് വലിപ്പം കുറഞ്ഞ രാജവെമ്പാലകളെയാണ്. പാമ്പുകളുടെ രാജാവായ രാജവെമ്പാലയുടെ വിഷം പോലും ഇവയ്ക്ക് പ്രശ്നമല്ല എന്ന് സാരം. രണ്ട് മീറ്റര്‍ വരെ നീളം വരുന്ന ഇവയുടെ വിഷഗ്രന്ഥിയുടെ നീളം അമ്പരപ്പിക്കുന്നതാണ്. ഏതാണ്ട് അറുപത് സെന്റീമീറ്റര്‍ നീളം വരും ഇത്. അതായത് ശരീരത്തിന്റെ നാലിലൊന്നു നീളം. ഈ പാമ്പിന്റെ വിഷം സംബന്ധിച്ച വിശദാംശങ്ങള്‍ അടുത്ത കാലം വരെ അജ്ഞാതമായിരുന്നു.
എന്നാല്‍ ഓസ്ട്രേലിയന്‍ ഗവേഷകരാണ് ഏറെ നാളത്തെ ശ്രമങ്ങള്‍ക്കു ശേഷം ബ്ലൂ കോറലിന്റ വിഷത്തില്‍ നിന്നു വേദന സംഹാരി ഉല്പാദിപ്പിക്കാമെന്നു കണ്ടെത്തിയത്. തെക്ക് കിഴക്കന്‍ ഏഷ്യയാണ് ബ്ലൂ കോറലിന്റെ സ്വദേശം. മനുഷ്യ സാമീപ്യമുളള സ്ഥലത്ത് അധികം കാണപ്പെടാത്ത ഇനം പാമ്പാണ് ബ്ലൂ കോറല്‍. കൊലയാളികളിലെ കൊലയാളി എന്നൊക്കെയാണ് ഇവ അറിയപ്പെടുന്നതെങ്കിലും, മറ്റുപല ജീവി വര്‍ഗ്ഗങ്ങളെയും പോലെ ഇവയും നമ്മുടെ ഈ ഭൂമിയില്‍ സുരക്ഷിതരല്ല. തെക്കനേഷ്യന്‍ രാജ്യങ്ങളിലെ വനനശീകരണം മൂലം ഇവയുടെ എണ്ണം അപകടകരമാം വിധം കുറഞ്ഞു വരികയാണ്.
Comments