ന്യൂഡൽഹി: ഹരിദ്വാറിലെ കുംഭമേളയെ പ്രശംസിച്ചുകൊണ്ടോ വിമർശിച്ചുകൊണ്ടോ ഒരു കത്തും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നൽകിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ്. ഡോവലിന്റേതെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കത്തിനെതിരെ രഹസ്യാന്വേഷണ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഉത്തരാഖണ്ഡ് സർക്കാറിനേയും മുഖ്യമന്ത്രി തീരഥ് സിംഗ് റാവതിനേയും പ്രശംസിക്കുന്ന കത്താണ് അജിത് ഡോവലിന്റെ പേര് വെച്ച് പ്രചരിക്കുന്നത്.
‘ഈ കത്ത് വ്യാജനാണ്. കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അയച്ചതുമല്ല. കുഭംമേളയുമായി ബന്ധപ്പെട്ട് അജിത് ഡോവൽ ഒരു കത്തും അയച്ചിട്ടില്ല.’ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
കുംഭമേള നല്ല രീതിയിൽ നടത്തിയതിന് കത്തിൽ ഉത്തരാഖണ്ഡ് സർക്കാറിനെ പ്രശംസിക്കുകയാണ്. ഒപ്പം ഹരിദ്വാറിലെ കുംഭമേളയിലൂടെ രാജ്യത്തെ ധാർമ്മികാന്ത രീക്ഷത്തിൽ വലിയ ഉണർവ്വുണ്ടായെന്നും കത്തിന്റെ അവസാനം പറയുന്നു. ഹരിദ്വാറിലെ കുംഭമേള മുപ്പതുദിവസമായി ചുരുക്കുകയും കൊറോണ വ്യാപനം കാരണം 20 ദിവസംകൊണ്ട് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥന മാനിച്ച് കുംഭമേള സമാപിപ്പിച്ചു. രണ്ടു ദിവസം കൊണ്ട് പതിനായിരക്കണക്കിന് തീർത്ഥാടകരെ മടക്കി അയച്ചുകൊണ്ട് സന്യാസി സമൂഹം മാതൃക കാണിക്കുകയും ചെയ്തിരുന്നു.
Comments